E-Migrate Portal: വിദേശത്തൊരു ജോലിയാണോ ലക്ഷ്യം? ഇനി തൊഴിലന്വേഷണം എളുപ്പം; ഇ-മൈഗ്രേറ്റ് പോർട്ടൽ വന്നു
E Migrate Portal For Migrant Workers: രജിസ്‌ട്രേഷൻ, റിക്രൂട്ട്മെന്റ് ട്രാക്കിംഗ്, ആധികാരിക തൊഴിലുടമകളുമായി ബന്ധപ്പെടൽ, തർക്കപരിഹാര സംവിധാനം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ ഇ-മൈഗ്രേറ്റ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Representational Image (Image Courtesy: Xavier Lorenzo/ Getty Images)
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ തേടുന്ന ഇന്ത്യൻ പൗരന്മാർക്ക് കുടിയേറ്റവും തൊഴിലന്വേഷണവും സുഗമമാക്കാനായി, പരിഷ്കരിച്ച ഇ-മൈഗ്രേറ്റ് പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിച്ച് വിദേശകാര്യ മന്ത്രാലയം. പ്രത്യേകിച്ചും ബ്ലൂ കോളർ തൊഴിലാളികൾക്കാണ് ഈ ആപ്പ് കൂടുതൽ പ്രയോജനപ്പെടുക. തൊഴിലാളികളുടെ സുരക്ഷിതത്വവും, തടസമില്ലാത്ത സഞ്ചാരവും ഉറപ്പു വരുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിശദവിവരങ്ങൾക്ക് പോർട്ടൽ https://www.emigrate.gov.in/ സന്ദർശിക്കുക.
രജിസ്‌ട്രേഷൻ, റിക്രൂട്ട്മെന്റ് ട്രാക്കിംഗ്, ആധികാരിക തൊഴിലുടമകളുമായി ബന്ധപ്പെടൽ, തർക്കപരിഹാര സംവിധാനം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ ഇ-മൈഗ്രേറ്റ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രാദേശിക ഭാഷകളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സംവിധാനവും ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ഈ പോർട്ടലിന്റെ സേവനം ലഭ്യമാണ്.
വിദേശ രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ പോർട്ടലിലൂടെ അറിയാൻ സാധിക്കും. ഇതിനായി വൺ സ്റ്റോപ്പ് മാർക്കറ്റ് പ്ലസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ പേയ്‌മെന്റിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായാണ് ധാരണയിൽ എത്തിയിട്ടുള്ളത്. ഇടപാടുകൾക്കായി ഫീസ് ഈടാക്കുന്നതല്ല. കൂടാതെ, ഇന്ത്യൻ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ഉറപ്പാകുന്നതിനായി ഇൻഷുറൻസ് കവറേജും നൽകുന്നതാണ്.
40 ലക്ഷം ഇന്ത്യക്കാരുടെ കുടിയേറ്റ വിവരങ്ങളാണ് ഇതുവരെ പോർട്ടലിൽ നൽകിയിട്ടുള്ളത്. കൂടാതെ, 2,200 ഏജന്റുമാരും, 2,82,000 വിദേശ തൊഴിൽദായകരും പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോർട്ടലിന്റെ പ്രധാന സവിശേഷതകൾ
- തൊഴിലാളികൾക്ക് അടിയന്തര പ്രശ്നപരിഹാരത്തിനുള്ള സംവിധാനം ഒരുക്കുന്നു. പ്രശ്നങ്ങൾ വേഗം പരിഹരിക്കുന്നതിനായി ഡിജിലോക്കർ, കടലാസ്സ് രഹിത രേഖാ സമർപ്പണം എന്നിവ ഉൾപ്പെടിത്തിയിട്ടുണ്ട്.
- ഒരു തൊഴിലാളിയുടെ ഇമിഗ്രേഷൻ ക്ലിയറൻസ് അനുവദിച്ച് കഴിഞ്ഞാൽ, അവർക്ക് അപേക്ഷാ നില പോർട്ടലിലൂടെ ട്രാക്ക് ചെയ്യാൻ സാധിക്കും.
- ഇന്ത്യൻ തൊഴിലാളികളെ നിയമിക്കണമെങ്കിൽ തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഏജന്റുമാരും ഇ-മൈഗ്രേറ്റ് പോർട്ടലിൽ ആദ്യം രജിസ്റ്റർ ചെയ്യണം.
അതുകൊണ്ടുതന്നെ, അവ അംഗീകൃത സ്ഥാപനങ്ങൾ ആണെന്ന് ഉറപ്പ് വരുത്താൻ തൊഴിലാളികൾക്കും കഴിയുന്നു. - റിക്രൂട്ട്മെന്റ് ഏജന്റുമാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് പുറമെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അനുമതിയും നേടിയിരിക്കണം. ഈ സംവിധാനം, നിയമാനുസൃത ഏജന്റുമാരെ തിരിച്ചറിയാൻ തൊഴിലാളികളെ സഹായിക്കുന്നു.
- ഇ-മൈഗ്രേറ്റ് പോർട്ടലിലൂടെ വിദേശ തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സർക്കാർ ഉറപ്പാക്കുന്നു.