NEET UG 2025 APAAR ID Registration: നീറ്റ് യുജി പരീക്ഷ എഴുതുന്നുണ്ടോ? എങ്കിൽ അപാർ ഐഡി വേണം; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
NEET UG 2025 Apaar ID Registration Process: ഇന്ത്യയിലെ എല്ലാ വിദ്യാർഥികൾക്കുമായി രൂപകൽപ്പന ചെയ്‌ത ഒരു പ്രത്യേക തിരിച്ചറിയൽ സംവിധാനമാണ് ഓട്ടോമേറ്റഡ് പെർമനന്‍റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി അഥവാ അപാർ.

Representational Image
ന്യൂഡൽഹി: നീറ്റ് യുജി 2025 പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പുതിയ വിജ്ഞാപനം പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). മന്ത്രാലയത്തിന്റെ പുതിയ നിർദേശം അനുസരിച്ച് പരീക്ഷയുടെ കാര്യക്ഷമത വർധിപ്പിക്കാനും, ഐഡന്റിറ്റി വെരിഫിക്കേഷന്‍ വേഗത്തിലാക്കാനും, സുതാര്യത ഉറപ്പ് വരുത്താനുമായി ഓട്ടോമേറ്റഡ് പെർമനന്‍റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി അഥവാ അപാർ (APAAR) നീറ്റ് യുജിയുമായി സംയോജിപ്പിക്കും. അതായത് ഇനി മുതൽ സാധുവായ ആധാറും, അപാർ ഐഡിയും ഉപയോഗിച്ച് വേണം ഉദ്യോഗാർത്ഥികൾ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ.
പത്താം ക്ലാസ് മാർക്ക് ഷീറ്റ് അനുസരിച്ചുള്ള വിവരങ്ങൾ ആധാറിൽ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം അത് പ്രകാരം ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ ആധാർ ബന്ധിപ്പിക്കുന്നതിലൂടെ നീറ്റ് പരീക്ഷയുടെ സുതാര്യത വർധിപ്പിക്കാൻ കഴിയുമെന്നും എൻടിഎ അറിയിച്ചു. ഇതിലൂടെ അപേക്ഷാ പ്രക്രിയ, ഐഡന്റിറ്റി വെരിഫിക്കേഷന്‍ എന്നിവയുൾപ്പടെയുള്ള പ്രക്രിയകൾ ലളിതമാക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും അനിവാര്യമാണ്. അതേസമയം, ഈ വർഷത്തെ നീറ്റ് യുജി (NEET UG 2025) പരീക്ഷയ്ക്കുള്ള അപേക്ഷാ നടപടികൾ ഉടൻ ആരംഭിക്കും എന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.
എന്താണ് അപാർ (APAAR)?
വിദ്യാർഥികൾക്കായുള്ള ഒരു പ്രത്യേക തിരിച്ചറിയൽ സംവിധാനമാണ് ഓട്ടോമേറ്റഡ് പെർമനന്‍റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി അഥവാ അപാർ. ദേശീയ വിദ്യാഭ്യാസ നയം 2020, ദേശീയ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് എന്നീ പദ്ധതികളുടെ ഭാഗമായി സർക്കാർ തുടങ്ങിയ ‘ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി’ എന്ന പദ്ധതിയുടെ ഭാഗമാണിത്. ഒരു 12 അക്ക കോഡ് നമ്പർ ആണ് അപാർ ഐഡി എന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, ഡിഗ്രി, ഡിപ്ലോമ, ഗ്രേഡ് കാർഡുകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയെല്ലാം ഡിജിറ്റലായി സൂക്ഷിച്ചു വയ്ക്കാൻ ഇതിലൂടെ സാധിക്കും.
APAAR ഐഡി കാർഡ് ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?
അപാർ ഐഡിക്കായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സാധുവായ ആധാർ കാർഡ്, ഡിജിലോക്കർ അക്കൗണ്ട് എന്നിവ ഉണ്ടായിരിക്കണം. കൂടാതെ, ഡിജിലോക്കര്‍ മുഖേന ഇ കെവൈസി അപ്‌ഡേഷനും പൂർത്തിയാക്കണം.
- അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് അഥവാ എബിസി ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.abc.gov.in/ സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘മൈ അക്കൗണ്ട്’ എന്നതിൽ ‘സ്റ്റുഡന്റ്’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
- ആദ്യം ഡിജിലോക്കർ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ‘സൈൻ അപ്പ്’ എന്നതിൽ കയറി, മൊബൈൽ നമ്പർ, നിങ്ങളുടെ വിലാസം, ആധാർ കാർഡ് വിശദാംശങ്ങൾ എന്നിവ പൂരിപ്പിച്ചു നൽകുക.
- രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
- കെവൈസി (KYC) സ്ഥിരീകരണത്തിന് വേണ്ടി ആധാർ കാർഡ് വിശദാംശങ്ങൾ എബിസിയുമായി പങ്കിടാൻ ഡിജിലോക്കർ അനുമതി ആവശ്യപ്പെടും. ‘ഐ എഗ്രീ’ എന്നത് തിരഞ്ഞെടുക്കുക.
- ശേഷം, സ്കൂളിന്‍റെയോ യൂണിവേഴ്‌സിറ്റിയുടെയോ പേര്, ക്ലാസ്/ കോഴ്‌സ് തുടങ്ങിയ
അക്കാദമിക് വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. - തുടർന്ന് അപേക്ഷ സമർപ്പിച്ചാൽ അപാർ ഐഡി കാർഡ് ലഭിക്കും.