UAE Male Nurses Recruitment: യുഎഇയില്‍ മെയിൽ നഴ്സ് ഒഴിവ്; നൂറിലധികം പേർക്ക് അവസരം; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
UAE Male Nurse Job Recruitment via Norka Roots: തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 5,000 ദിര്‍ഹം വരെ ശമ്പളവും, ഷെയേർഡ് ബാച്ചിലർ അക്കോമഡേഷൻ, ഭക്ഷണം അല്ലെങ്കിൽ പാചകം ചെയ്യുന്നതിനുളള, ആരോഗ്യ ഇൻഷുറൻസ്, ലീവ് ആനുകൂല്യങ്ങൾ, രണ്ട് വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുളള വിമാന ടിക്കറ്റ് അലവൻസ് എന്നിവ ലഭിക്കും.

പ്രതീകാത്മക ചിത്രം
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) അബുദാബി ആസ്ഥാനമായുള്ള ഒരു പ്രമുഖ സ്വകാര്യ ഹെൽത്ത് കെയർ കമ്പനിയിൽ സ്റ്റാഫ് നഴ്സ് (പുരുഷന്‍) ഒഴിവുകൾ. റിപ്പോർട്ട് ചെയ്തിട്ടുള്ള നൂറിലധികം ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ നൽകാം. കൂടുതൽ വിശദാംശങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. അതോടൊപ്പം എമര്‍ജന്‍സി/കാഷ്വാലിറ്റി/ ഐസിയു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ഇതിന് പുറമെ, അപേക്ഷകർക്ക് ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എസിഎൽഎസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്) സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ സിവി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ കോപ്പി, പ്രവൃത്തി പരിചയ രേഖകൾ, പാസ്‌പോർട്ട് കോപ്പി എന്നിവ സഹിതം www.norkaroots.org അല്ലെങ്കിൽ www.nifl.norkaroots.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ALSO READ: തൊഴിൽ അന്വേഷിക്കുന്നവർക്ക് അവസരങ്ങളുടെ ഖജനാവ് തുറന്ന ‘വിജ്ഞാന കേരളം’ പദ്ധതി എന്താണ്?
അബുദാബിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒന്നിലധികം കമ്പനികളിൽ ജോലി നിയമനങ്ങൾ ലഭ്യമാണ്. മെയിൻലാൻഡിലെ ക്ലിനിക്കുകൾ, ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകൾ എന്നിവ സൈക്കിൾ റൊട്ടേഷൻ സംവിധാനത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അതായത് പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കുമെന്ന് സാരം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 5,000 ദിര്‍ഹം വരെ ശമ്പളവും, ഷെയേർഡ് ബാച്ചിലർ അക്കോമഡേഷൻ, ഭക്ഷണം അല്ലെങ്കിൽ പാചകം ചെയ്യുന്നതിനുളള, ആരോഗ്യ ഇൻഷുറൻസ്, ലീവ് ആനുകൂല്യങ്ങൾ, രണ്ട് വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുളള വിമാന ടിക്കറ്റ് അലവൻസ് എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ, 24/7 പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററുമായോ ബന്ധപ്പെടുക. ഇന്ത്യയിൽ നിന്നുള്ള കോളുകൾക്ക് 1800 425 3939, അന്താരാഷ്ട്ര മിസ്ഡ് കോൾ സേവനത്തിന് +91-8802 012 345 എന്നിങ്ങനെയാണ് ടോൾ ഫ്രീ നമ്പറുകൾ.