UGC NET Exam 2025: യുജിസി നെറ്റ് പരീക്ഷ നാളെ മുതൽ: പരീക്ഷാ ഹാളിൽ കയറും മുൻപ് ഇവ ശ്രദ്ധിക്കൂ
UGC NET December 2025 Exam Last Minute Tips: യുജിസി നെറ്റ് പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷാര്‍ത്ഥികള്‍ അവസാന വട്ട തയ്യാറെടുപ്പുകളിലാണ്. പരീക്ഷയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങള്‍ പരിശോധിക്കാം.

Representational Image
യുജിസി നെറ്റ് പരീക്ഷ നാളെ (ഡിസംബര്‍ 31) ആരംഭിക്കും. അവസാന വട്ട തയ്യാറെടുപ്പുകളിലാണ് പരീക്ഷാര്‍ത്ഥികള്‍. ആശങ്കകളോ പരിഭ്രാന്തിയോ ഇല്ലാതെ പരീക്ഷയെ അഭിമുഖീകരിക്കുകയാണ് പ്രധാനം. പരീക്ഷയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന സമയം കൃത്യമായി പരിശോധിക്കണം. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക.
രാവിലെ 9:00 മുതൽ 12:00 വരെയാണ് ആദ്യ ഷിഫ്റ്റ്. ഉച്ചയ്ക്ക് 3:00 മുതൽ 6:00 വരെ രണ്ടാം ഷിഫ്റ്റ് നടക്കും. എന്നാല്‍ ഈ സമയങ്ങളില്‍ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ശ്രമിക്കരുത്. പരീക്ഷാ സമയത്തിന് മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിങ് സമയം കൃത്യമായി പാലിക്കണം.
പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഗേറ്റ് അടയ്ക്കും. താമസിച്ച് എത്തുന്നവരെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. നേരത്തെയെത്താന്‍ ശ്രമിക്കുക. യാത്ര അതിനനുസരിച്ച് ആസൂത്രണം ചെയ്യുക. അഡ്മിറ്റ് കാര്‍ഡും, അതില്‍ പറയുന്ന രേഖകളും കൊണ്ടുപോകാന്‍ ഒരു കാരണവശാലും മറക്കരുത്. മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയയുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്. നിരോധിത വസ്തുക്കളുമായി ഹാളില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഡിസംബർ 31 മുതൽ 2026 ജനുവരി 07 വരെ രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഏതാനും ദിവസം മുമ്പ് പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 31, ജനുവരി രണ്ട് തീയതികളിലെ പരീക്യ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകളും പുറത്തുവിട്ടിട്ടുണ്ട്. മറ്റ് തീയതികളിലെ അഡ്മിറ്റ് കാര്‍ഡുകള്‍ യഥാസമയം പുറത്തുവിടും.
പരീക്ഷാര്‍ത്ഥികള്‍ രുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റായ https://ugcnet.nta.nic.in/ ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കില്‍ 011-40759000 എന്ന നമ്പറിൽ ഹെൽപ്പ്ഡെസ്‌കുമായി ബന്ധപ്പെടാം. അതുമല്ലെങ്കില്‍ ugcnet@nta.ac.in എന്ന വിലാസത്തിൽ എഴുതാം.
ലോ, സോഷ്യല്‍ വര്‍ക്ക്, തെലുങ്ക്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്, സ്പാനിഷ്, പ്രാകൃത്, കശ്മീരി, കൊങ്കണി എന്നിവയാണ് നാളത്തെ വിഷയങ്ങള്‍. 058, 010, 027, 093, 040, 091, 084, 085 എന്നിവയാണ് യഥാക്രമം സബ്ജക്ട് കോഡുകള്‍. രാവിലെ ഒമ്പത് മുതല്‍ 12 വരെയാണ് പരീക്ഷ.