Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
Kerala PSC Village Field Assistant Recruitment 2025: 66 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ഡിസംബര്‍ ഒന്നിന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം
ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉള്‍പ്പെടെ 66 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ഡിസംബര്‍ ഒന്നിന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുന്‍വര്‍ഷങ്ങളില്‍ എസ്എസ്എല്‍സിയോ, തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഇത്തവണയും അതില്‍ മാറ്റമുണ്ടായേക്കില്ല. 18-36 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍, പേ സ്‌കെയില്‍ അടക്കമുള്ള വിശദാംശങ്ങള്‍ നോട്ടിഫിക്കേഷനിലുണ്ടാകും. വിജ്ഞാപനം ഉടന്‍ പ്രതീക്ഷിക്കാം. ഡിസംബര്‍ 15 ആണ് അസാധാരണ ഗസറ്റ് തീയതി. 2026 ജനുവരി 14 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
പൊലീസ് കോണ്‍സ്റ്റബിള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ട്രെയിനി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി തസ്തികകളിലേക്കും വിജ്ഞാപനം പുറത്തുവിടാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, തുറമുഖ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകളിലേക്കും വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
Also Read: Kerala PSC Advice Details: പിഎസ്‌സി അഡ്വൈസ് വിവരങ്ങൾ എങ്ങനെ അറിയാം? ഇത്രയും ചെയ്താല്‍ മതി
ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, സോയില്‍ സര്‍വേ & കണ്‍സര്‍വേഷന്‍ വകുപ്പില്‍ ഓഫീസര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഡാന്‍സ് ലക്ചറര്‍, വ്യാവസായിക ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, പട്ടികജാതി വികസനവകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ റേഡിയോഗ്രാഫര്‍, ജല അതോറിറ്റിയിലും ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിലും ഡ്രാഫ്റ്റ്‌സ്മാന്‍, ജല അതോറിറ്റിയില്‍ ഇലക്ട്രീഷ്യന്‍, സാമൂഹ്യനീതി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്കും സംസ്ഥാനതലത്തില്‍ (ജനറല്‍ റിക്രൂട്ട്‌മെന്റ്) വിജ്ഞാപനങ്ങള്‍ പുറത്തുവിടും.
സംസ്ഥാനതലത്തില്‍ 19 തസ്തികകളിലാണ് പുതിയതായി വിജ്ഞാപനം വരുന്നത്. ജില്ലാതലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ 16 നോട്ടിഫിക്കേഷനുകളാണ് പുതിയതായി പുറത്തുവിടുന്നത്. ജില്ലാതലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായി ഒരു വിജ്ഞാപനമുണ്ടാകും. എന്‍സിഎ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ ഏഴ് നോട്ടിഫിക്കേഷനുകളും, ജില്ലാതലത്തില്‍ 19 വിജ്ഞാപനങ്ങളും പിഎസ്‌സി ഉടന്‍ പുറത്തുവിടും.