Basil Joseph: ‘അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്’; ബേസിലിന്റെ പോസ്റ്റ് വൈറൽ
Basil Joseph Shares an Old Photo: കയ്യിലൊരു ഗിറ്റാറും പിടിച്ച് നിൽക്കുന്ന കുട്ടി ബേസിലാണ് ഫോട്ടോയിൽ ഉള്ളത്. "അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്" എന്ന കുറിപ്പോടെ പങ്കുവെച്ച ഈ ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ബേസിൽ ജോസഫ് പങ്കുവെച്ച ഫോട്ടോ
പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു നടനാണ് ബേസിൽ ജോസഫ്. ‘കുഞ്ഞിരാമായണം’ എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ച ബേസിലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നുവേണം പറയാൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് അഭിനയത്തിലും താരം കഴിവുതെളിയിച്ചു. ഇപ്പോഴിതാ, താരത്തിന്റെ ഒരു കുട്ടിക്കാല വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈരളി ടിവിയിലെ അശ്വമേധം പരിപാടിയിൽ പങ്കെടുത്ത ബേസലിന്റെ ഒരു പഴയ വീഡിയോയാണ് കഴിഞ്ഞ ദിവസം കൈരളി ടിവി പുറത്തുവിട്ടത്. പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.
ട്രോൾ പേജുകളിലെങ്ങും കുട്ടി ബേസിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ തന്നെ ട്രോളാൻ മറ്റൊരാളുടെയും ആവശ്യമില്ലെന്ന് തെളിയിച്ചുകൊണ്ട് ബേസിൽ തന്നെ തന്റെ ഒരു കുട്ടിക്കാല ഫോട്ടോ പുറത്തുവിട്ടു. കയ്യിലൊരു ഗിറ്റാറും പിടിച്ച് നിൽക്കുന്ന കുട്ടി ബേസിലാണ് ഫോട്ടോയിൽ ഉള്ളത്. “അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്” എന്ന കുറിപ്പോടെ പങ്കുവെച്ച ഈ ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന് താഴെ നിരവധി താരങ്ങളാണ് കമന്റുമായി രംഗത്തെത്തിയത്.
നടന്മാരായ നസ്ലെൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചിരിക്കുന്ന ഇമോജിയിൽ ഒതുക്കിയപ്പോൾ, “എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല കുഞ്ഞേ?” എന്നാണ് ഗണപതി കമന്റ്ബോക്സിൽ കുറിച്ചത്. ‘എന്നെ ട്രോളാൻ വേറാരും വേണ്ടെടാ’ എന്നൊക്കെയുള്ള കമന്റുകളും വരുന്നുണ്ട്. പലരും കമന്റ്ബോക്സിൽ ടൊവിനോ തോമസിനെ ടാഗ് ചെയ്ത് കമന്റിടാൻ ആവശ്യപ്പെടുന്നുണ്ട്. ടൊവിനോയുടെ കമന്റിന് വേണ്ടിയാണ് സൈബറിടം ഉറ്റുനോക്കുന്നത്.