Soubin Shahir: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിന് നോട്ടീസ്
Manjummel Boys Financial Fraud Case: കേസിൽ അന്വേഷണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നടനുൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നാണ് സിറാജിൻ്റെ പരാതിയിൽ പറയുന്നത്.

Soubin Shahir
കൊച്ചി: മഞ്ഞുമേൽ ബോയ്സ് (Manjummel Boys) സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് (Actor Soubin Shahir) അന്വേഷണ സംഘത്തിൻ്റെ നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മരട് പോലീസാണ് നോട്ടീസ് അയച്ചത്. സൗബിൻ ഷാഹിറിന് പുറമേ സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിൽ അന്വേഷണ തുടരാമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നടനുൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നാണ് സിറാജിൻ്റെ പരാതിയിൽ പറയുന്നത്.
എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. ഡിസ്നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി പതിപ്പ് പുറത്തിറങ്ങിയത്. സൗബിനും ബാബു ഷാഹിറും ഷോൺ ആന്റണിയും ചേർന്നുള്ള പറവ ഫിലിംസായിരുന്നു മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിൻ്റെ നിർമാണം.
കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയിലൂടെ തുറന്നുകാട്ടുന്നത്.ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലിം കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.