Anirudh Ravichander: കല്യാണമോ? വെറുതേ അഭ്യൂഹം പ്രചരിപ്പിക്കല്ലേ; വിവാഹവാർത്ത തള്ളി അനിരുദ്ധ്
Anirudh Ravichander Dismisses Marriage Rumors: സൺറൈസേഴ്സ് സിഇഒ കാവ്യ മാരനുമായി താൻ വിവാഹിതനാവുന്നു എന്ന വാർത്ത തള്ളി സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അനിരുദ്ധ് ഇക്കാര്യം അറിയിച്ചത്.
താൻ വിവാഹിതനാവുന്നു എന്ന വാർത്തകൾ തള്ളി സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അനിരുദ്ധ് വിവാഹവാർത്തകൾ തള്ളിയത്. വെറുതേ അഭ്യൂഹം പ്രചരിപ്പിക്കരുത് എന്നും അനിരുദ്ധ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് എക്സിക്യൂട്ടിവ് ചെയർമാനും ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ടീം സിഇഒയുമായ കാവ്യ മാരനുമായി അനിരുദ്ധ് വിവാഹിതനാവുന്നു എന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതാണ് അനിരുദ്ധ് തള്ളിയത്.
കാവ്യ മാരനും അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ച് പല സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ വാർത്തകൾ പ്രചരിച്ചത്. ഈ വാർത്തകളോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇതിനൊടുവിലാണ് ഇവർ വിവാഹിതരാവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.




Marriage ah? lol .. Chill out guys 😃 pls stop spreading rumours 🙏🏻
— Anirudh Ravichander (@anirudhofficial) June 14, 2025
സൺ ഗ്രൂപ്പ് ചെയർമാനായ കലാനിധി മാരന്റെയും കാവേരിയുടെയും മകളായ കാവ്യ മാരൻ 2018ലാണ് സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒ ആയി ചുമതലയേൽക്കുന്നത്. 33കാരിയായ താരം ടീമിന്റെ എല്ലാ മത്സരങ്ങൾക്കും സ്റ്റേഡിയത്തിൽ എത്താറുണ്ട്. ദക്ഷിണാഫ്രിക്ക ടി20 ലീഗായ എസ്എ 20 ലീഗിൽ രണ്ട് തവണ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിൻ്റെ സിഇഒ കൂടിയാണ് കാവ്യ.
Also Read: Anirudh Ravichander: അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു; വധു ഐപിഎൽ ടീം ഉടമ?
നിലവിൽ ഇന്ത്യൻ സംഗീതസംവിധായകരിലെ ഏറ്റവും ശ്രദ്ധേയ പേരുകളിൽ ഒന്നാണ് അനിരുദ്ധ് രവിചന്ദർ. നടൻ വി രാഘവേന്ദ്രയുടെയും നർത്തകിയായ ലക്ഷ്മിയുടെയും മകനാണ് അനിരുദ്ധ്. സൂപ്പർ താരം രജനികാന്ത് അനിരുദ്ധിൻ്റെ അമ്മാവനാണ്. ധനുഷ് നായകനായ ‘ത്രീ’ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് സംഗീതസംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചത്. രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, പവൻ കല്യാൺ, മഹേഷ് ബാബു, ജൂനിയർ എൻടിആർ തുടങ്ങി മുൻ നിര താരങ്ങളുടെയൊക്കെ സിനിമകളിൽ താരം സംഗീതസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.