Mammooty: ‘മമ്മൂക്കയുടെ ആ ഡ്രസ്സുകൾ കണ്ടാൽ ബ്രാൻഡഡ് ആണെന്ന് തോന്നും, പക്ഷെ റോഡ്‌സൈഡിൽ നിന്ന് വാങ്ങിയതാണ്’; അനൂപ് മേനോൻ
Anoop Menon on Mammooty's Costume in Johnnie Walker: ജോണി വാക്കറിലെ മമ്മൂട്ടിയുടെ കോസ്റ്റ്യൂമുകള്‍ കാണുമ്പോള്‍ ബ്രാൻഡഡ് ആയി തോന്നുമെങ്കിലും, അതെല്ലാം ബാംഗ്ലൂരിലെ റോഡ് സൈഡിൽ ഉള്ള കടകളിൽ നിന്ന് വാങ്ങിയതാണെന്ന് അനൂപ് മേനോന്‍ പറയുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ അനൂപ് മേനോൻ. 2002ൽ ജയസൂര്യയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെക്ക് കടന്നുവരുന്നത്. എന്നാല്‍, ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത ‘തിരക്കഥ’ എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിനേതാവ് എന്നതിന് പുറമെ തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം അദ്ദേഹം ശ്രദ്ധേയനാണ്.
ഇപ്പോഴിതാ, മമ്മൂട്ടി നായകനായ ‘ജോണി വാക്കര്‍’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍. ജോണി വാക്കറിലെ മമ്മൂട്ടിയുടെ കോസ്റ്റ്യൂമുകള്‍ കാണുമ്പോള്‍ ബ്രാൻഡഡ് ആയി തോന്നുമെങ്കിലും, അതെല്ലാം ബാംഗ്ലൂരിലെ റോഡ് സൈഡിൽ ഉള്ള കടകളിൽ നിന്ന് വാങ്ങിയതാണെന്ന് അനൂപ് മേനോന്‍ പറയുന്നു. ബര്‍ഗണ്ടി കളറും മസ്റ്റേര്‍ഡ് യെല്ലോയുമെല്ലാം ട്രെൻഡിങ് ആയതുകൊണ്ടുതന്നെ പലരും അത് ഏതോ വലിയൊരു ബ്രാൻഡാണെന്ന് തെറ്റിദ്ധരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടൻ.
“ജോണി വാക്കര്‍’ ഒരു വൈബ് സിനിമയാണ്. ആ സിനിമയിലെ മമ്മൂക്കയുടെ കോസ്റ്റ്യൂമുകള്‍ ബാംഗ്ലൂരിലെ സ്ട്രീറ്റില്‍ നിന്ന് വാങ്ങിയതാണ്. കാണുമ്പോൾ നമ്മള്‍ വിചാരിക്കും അതൊക്കെ ഭയങ്കര ബ്രാന്‍ഡഡ് ഡ്രസ്സുകൾ ആണെന്ന്. ബര്‍ഗണ്ടി കളറും മസ്റ്റേര്‍ഡ് യെല്ലോയുമൊക്കെ എന്നും ട്രെന്‍ഡിങ് ആണല്ലോ. അതുകൊണ്ട് തന്നെ അതൊക്കെ കാണുമ്പോള്‍ അന്നത്തെ ഏതോ വലിയ ബ്രാന്‍ഡാണെന്നാണ് പലരും വിചാരിച്ചത്.
പക്ഷെ അതെല്ലാം ബാംഗ്ലൂരിലെ ബിഷപ് റോഡിലെ വഴിയോര കടകളിൽ നിന്ന് വാങ്ങിയതാണ്. ഒരു വൈല്‍ഡ് വെസ്റ്റേണ്‍ സിനിമ എങ്ങനെ നമ്മുടെ ബഡ്ജറ്റില്‍ അവതരിപ്പിക്കാന്‍ പറ്റും എന്നുള്ളതാണ് ആ സിനിമ കാണിക്കുന്നത്” അനൂപ് മേനോന്‍ പറഞ്ഞു.
‘ജോണി വാക്കർ’ സിനിമ
1992ൽ മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ജോണി വാക്കർ. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത് രഞ്ജിതയാണ്. സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വര്‍ഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം വീണ്ടും കോളേജില്‍ പഠിക്കാന്‍ വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥാതന്തു. ജഗതി, എം ജി സോമൻ, പ്രേം കുമാർ, ശങ്കരാടി, മണിയൻപിള്ള രാജു, സുകുമാരി, ടി പി മാധവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.