AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohanlal – Baiju Controversy: ‘പരസ്പരം അഭിപ്രായം പറഞ്ഞത് വളച്ചൊടിച്ചതാണ്’; മോഹൻലാലുമായി ഒരു പ്രശ്നവുമില്ലെന്ന് ബൈജു സന്തോഷ്

Baiju Santshosh About Controversy With Mohanlal: മോഹൻലാലും താനും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് ബൈജു സന്തോഷ്. പരസ്പരം അഭിപ്രായം പറഞ്ഞത് ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ബൈജു പറഞ്ഞു.

Mohanlal – Baiju Controversy: ‘പരസ്പരം അഭിപ്രായം പറഞ്ഞത് വളച്ചൊടിച്ചതാണ്’; മോഹൻലാലുമായി ഒരു പ്രശ്നവുമില്ലെന്ന് ബൈജു സന്തോഷ്
മോഹൻലാൽ, ബൈജു സന്തോഷ്Image Credit source: Mohanlal, Baiju Santhosh Facebook
abdul-basith
Abdul Basith | Published: 25 Jun 2025 09:55 AM

മോഹൻലാലുമായി വാക്കുതർക്കമുണ്ടായെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ സത്യമല്ലെന്ന് നടൻ ബൈജു സന്തോഷ്. പരസ്പരം അഭിപ്രായം പറഞ്ഞത് ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ബൈജു പറഞ്ഞു. മോഹൻലാലുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പ്രതികരിച്ചു. താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിംഗിനിടെ ബൈജു സന്തോഷും മോഹൻലാലും തമ്മിൽ തർക്കമുണ്ടായെന്നായിരുന്നു റിപ്പോർട്ടുകൾ.

സത്യമറിയാതെ എന്തിനാണ് ചിലർ ഇത് പ്രചരിപ്പിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് ബൈജു പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് താൻ അമ്മ ജനറൽ ബോഡി മീറ്റിംഗിനെത്തുന്നത്. വൈകിയാണ് താൻ എത്തിയത്. ആ സമയത്ത് മോഹൻലാൽ പ്രസംഗിച്ചുകഴിഞ്ഞിരുന്നു. നിലവിലെ കമ്മറ്റിയും പ്രസിഡൻ്റ് മോഹൻലാലും സ്ഥാനമൊഴിയുകയാണെന്നും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയാണെന്നും അപ്പോഴേക്കും തീരുമാനമായി. ഇതൊന്നും താനറിഞ്ഞില്ല. എനിക്ക് മോഹൻലാൽ തുടരുന്നതിലായിരുന്നു താത്പര്യം. പ്രസംഗിക്കാൻ കയറിയപ്പോൾ ഈ കമ്മറ്റിയെ അനുകൂലിക്കുന്നവരുണ്ടെങ്കിൽ കൈപൊക്കാൻ ഞാൻ പറഞ്ഞു. കമ്മറ്റിയെ അനുകൂലിച്ച് ഈ കമ്മറ്റി തന്നെ രണ്ട് വർഷം പോകട്ടെ എന്നും പറഞ്ഞു. ഇത് മോഹൻലാലിന് ഇഷ്ടപ്പെട്ടില്ല എന്ന് ബൈജു വ്യക്തമാക്കി.

Also Read: Mohanlal: പേര് അതു തന്നെ! മോഹൻലാൽ സ്ഥിരീകരിച്ചു; വെളിപ്പെടുത്തൽ ശ്രീലങ്കൻ മാധ്യമത്തോട്

നേരത്തെ തന്നെ സ്ഥാനത്തുനിന്ന് മാറാൻ തീരുമാനിക്കുകയും തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം താനങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അതുകൊണ്ട് താൻ പറഞ്ഞതിൽ അദ്ദേഹം അനിഷ്ടം പ്രകടിപ്പിച്ചു. അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. പരസ്പരം പ്രശ്നങ്ങളൊന്നുമില്ല. സംഘടനയിലെ രണ്ട് അംഗങ്ങൾ തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണം മാത്രമാണിത്. ഒരു സംഘടനയുടെ ജനറൽ ബോഡിയിൽ സംസാരിച്ച കാര്യങ്ങളെങ്ങനെയാണ് പുറത്തുപോവുന്നത്? അത് തനിക്ക് മനസ്സിലാവുന്നില്ല. ഇങ്ങനെയാണെങ്കിൽ ആർക്കും പരസ്പരം ഒന്നും മിണ്ടാനാവില്ലല്ലോ. ഇങ്ങനെ പ്രചരിപ്പിക്കേണ്ട ഒരു പ്രശ്നവും തങ്ങൾക്കിടയിലില്ല എന്നും ബൈജു പറഞ്ഞു.