AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bibin George: ‘ഞാൻ ബഡായി ബം​ഗ്ലാവിന് എഴുതി തുടങ്ങിയത് ആ വിഷമത്തിൽ നിന്ന് കൊണ്ട്’; ബിബിൻ ജോർജ്

Bibin George: ബഡായി ബം​ഗ്ലാവിന് തിരക്കഥ എഴുതിയതിനെ പറ്റി സംസാരിക്കുകയാണ് താരം. താൻ സങ്കടത്തിൽ നിന്ന് കൊണ്ട് എഴുതിയ പരിപാടിയായിരുന്നു അതെന്ന് ബിബിൻ പറയുന്നു. സില്ലിമോക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Bibin George: ‘ഞാൻ ബഡായി ബം​ഗ്ലാവിന് എഴുതി തുടങ്ങിയത് ആ വിഷമത്തിൽ നിന്ന് കൊണ്ട്’; ബിബിൻ ജോർജ്
Bibin George
nithya
Nithya Vinu | Published: 10 Jun 2025 10:44 AM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും മിമിക്രി കലാകാരനുമാണ് ബിബിൻ ജോർജ്. വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേർന്ന് അമർ‌ അക്ബർ‌ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥ എഴുതിയത് ബിബിനായിരുന്നു. കൂടാതെ മലയാള ടെലിവിഷനിലെ ഹിറ്റ് പ്രോ​ഗ്രാമായിരുന്ന ബഡായി ബം​ഗ്ലാവിനും തിരക്കഥയെഴുതിയത് ബിബിനായിരുന്നു,

ഇപ്പോഴിതാ, ബഡായി ബം​ഗ്ലാവിന് തിരക്കഥ എഴുതിയതിനെ പറ്റി സംസാരിക്കുകയാണ് താരം. താൻ സങ്കടത്തിൽ നിന്ന് കൊണ്ട് എഴുതിയ പരിപാടിയായിരുന്നു അതെന്നും ബിബിൻ പറയുന്നു. സില്ലിമോക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എന്റെ അപ്പൻ ഒരു ആക്സിഡന്റിൽപ്പെട്ടാണ് മരിക്കുന്നത്. ആ സമയത്ത് എനിക്ക് ഇരുപത്തിരണ്ട് വയസോ മറ്റോവാണ്. അപ്പോൾ ഞാൻ എഴുത്ത് നിർത്തി. എഴുതാൻ പറ്റുമായിരുന്നില്ല, ഇനി എന്തിനാണ് എഴുതുന്നത് എന്ന ചോദ്യമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. എല്ലാവരുടെയും ജീവിതത്തിൽ അത്തരമൊരു ശൂന്യത വരുമല്ലോ, ഇനി ആരെ കാണിക്കാനാണ് എഴുതുന്നത് എന്ന ചിന്തയായിരുന്നു.

കാരണം, ഞാൻ നടനാകണം എന്ന് ആ​ഗ്രഹിച്ചിരുന്നത് എന്റെ അപ്പനായിരുന്നു. അന്ന് ഞാൻ സിനിമയിൽ ഒന്നുമല്ലാത്ത സമയമായിരുന്നു. ചാനലിൽ എഴുതുമായിരുന്നു. എഴുത്ത് നിർത്തിയിട്ട് ഞാൻ എറണാകുളത്തെ സ്കൂളിൽ അധ്യാപകനായിട്ട് ദിവസകൂലിക്ക് നിന്നു. മൂന്നൂറ് രൂപയായിരുന്നു കിട്ടിയിരുന്നത്. ആ പൈസയ്ക്ക് വേണ്ടിയാണ് ഞാൻ അവിടെ ജോലിക്ക് പോയത്. അപ്പോഴും മനസിന് ഒരു കനമായിരുന്നു. ആ സമയത്ത് കഥ എഴുതാനായി പേന തൊടുന്നതേ ഇല്ലായിരുന്നു. അപ്പോഴാണ് ബഡായി ബം​ഗ്ലാവ് എഴുതാനായിട്ട് രമേഷ് പിഷാരടി ചേട്ടൻ വിളിക്കുന്നത്.

ആ വിഷമത്തിൽ നിന്ന് കൊണ്ടാണ് ഞാൻ ബഡായി ബം​ഗ്ലാവ് എഴുതി തുടങ്ങിയത്. പിന്നെ എന്റെ ജീവിതം മാറിയത് അമർ അക്ബർ അന്തോണി വന്നപ്പോഴാണ്. ആ സിനിമയുടെ കഥ കേൾക്കാൻ പലരും തയ്യാറായതിന് കാരണം ബഡായി ബം​ഗ്ലാവായിരുന്നു’, ബിബിൻ പറയുന്നു.