Bigg Boss Malayalam Season 7: ‘ധ്യാൻ ചേട്ടൻ ബിഗ് ബോസിൽ വരണം; 100 ദിവസം ആ വീട്ടിൽ നിൽക്കുന്നത് എനിക്കൊന്ന് അറിയണം’; ദിൽഷ
Dilsha on Dhyan Sreenivasan in Bigg Boss Malayalam Season 7: ബിഗ് ബോസിൽ കാണാൻ ആഗ്രഹിക്കുന്ന ആളെ കുറിച്ചും മത്സരാർത്ഥികൾക്ക് നൽകാവുന്ന ഉപദേശത്തെ കുറിച്ചും സീസൺ 4 വിജയി ദിൽഷ പ്രസന്നൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Dilsha
മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടെലിവിഷൻ ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ 7. പുതിയ സീസൺ പ്രഖ്യാപിച്ചത് മുതൽ വലിയ വലിയ തയ്യാറെടുപ്പുകളാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നടക്കുന്നത്. ഷോയുടെ ഓരോ പ്രൊമോയും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആരൊക്കെ ആകും ഇത്തവണ എത്താൻ പോകുന്നത് എന്ന പ്രെഡിക്ഷൻ ലിസ്റ്റുകളും വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ് ബോസിൽ കാണാൻ ആഗ്രഹിക്കുന്ന ആളെ കുറിച്ചും മത്സരാർത്ഥികൾക്ക് നൽകാവുന്ന ഉപദേശത്തെ കുറിച്ചും സീസൺ 4 വിജയി ദിൽഷ പ്രസന്നൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു നടിയും നർത്തകിയും കൂടിയായ ദിൽഷയുടെ പ്രതികരണം.
കേരളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസെന്നാണ് താരം പറയുന്നത്. ബിഗ് ബോസ് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ടെന്നും നിരവധി കാഴ്ചക്കാരുണ്ടെന്നും ദിൽഷ പറഞ്ഞു. പുതിയ മത്സരാർത്ഥികൾ എല്ലാവരും നന്നായി പെർഫോം ചെയ്യുക. ഇതൊരു ഗെയിം ആണല്ലോ. ആ രീതിയിൽ തന്നെ കണ്ട് മുന്നോട്ട് പോകണമെന്നാണ് താരം പറയുന്നത്. വലിയ തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് താൻ ഷോയിൽ പോയത് എന്നാണ് ദിൽഷ പറയുന്നത്. എന്നാൽ തയ്യാറെടുപ്പുകളോടെ വരുന്ന ആളുകളും ഉണ്ട്.
തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ പോയി എക്സ്പീരിയൻസ് ചെയ്യണമെന്നാണെങ്കിൽ അങ്ങനെ പോകാമെന്നും അല്ലെങ്കിൽ പ്രിപ്പറേഷൻസ് എടുത്ത് 100 ദിവസം എങ്ങനെ നിൽക്കാം എന്ന് മനസിലാക്കി പോകാമെന്നുമാണ് ദിൽഷ പറയുന്നത്. തനിക്ക് അറിയുന്ന ചിലർക്കൊക്കെ ബിഗ് ബോസിൽ നിന്നും വിളി വന്നിട്ടുണ്ടെന്നും എന്നാൽ ആരാണെന്ന് പറയുന്നില്ലെന്നും തന്റെ അനുഭവങ്ങൾ ചോദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
ധ്യാൻ ശ്രീനിവാസൻ ബിഗ് ബോസിൽ വരണമെന്ന് താൻ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു. എല്ലാ എപ്പിസോഡുകളും നല്ല അടിപൊളിയായിരിക്കും. ഫുൾ കോമഡി ആയിരിക്കും. 100 ദിവസം ധ്യാൻ ചേട്ടൻ ആ വീട്ടിൽ നിൽക്കുന്നതെന്ന് തനിക്ക് അറിയണമെന്നും ദിൽഷ പറഞ്ഞു. അലൻ ജോസ് പെരേര വരട്ടെ. ആറാട്ടണ്ണൻ വരട്ടെ. എന്റർടെയ്ൻമെന്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇവരൊക്കെ വന്നാൽ നടക്കുമെന്നാണ് ദിൽഷ പറയുന്നത്.