Bigg Boss Malayalam Season 7: ‘രേണു സുധി ആദ്യത്തെ വിധവയല്ല; ബിഗ് ബോസിൽ വന്നതിനോട് യോജിക്കുന്നില്ല’; നടി മനീഷ
KS Maneesha Criticizes Renu Sudhi: മുന്‍ മത്സരാര്‍ത്ഥി എന്ന നിലയില്‍ രേണു സുധിയെ ബിഗ് ബോസില്‍ തിരഞ്ഞെടുത്തതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് മനീഷ പറയുന്നത്.

മനീഷ കെ എസ്, രേണു സുധി
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിൽ പ്രേക്ഷകർ കാണണമെന്ന് ആഗ്രഹിച്ച മത്സരാർഥികളിൽ ഒരാളാണ് രേണു സുധി. എന്നാൽ, പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി മോശം പ്രകടനം കാഴ്ചവെച്ച രേണു, ബിഗ് ബോസിൽ നിന്ന് സ്വയം പുറത്തുപോവുകയായിരുന്നു. ഇപ്പോഴിതാ, രേണുവിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ്ബോസ് മത്സരാർഥിയും നടിയും ഗായികയുമായ മനീഷ കെ എസ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോടായിരുന്നു പ്രതികരണം.
മുന്‍ മത്സരാര്‍ത്ഥി എന്ന നിലയില്‍ രേണു സുധിയെ ബിഗ് ബോസില്‍ തിരഞ്ഞെടുത്തതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് മനീഷ പറയുന്നത്. അവർക്ക് കഴിവില്ലാത്ത കൊണ്ടല്ല മറിച്ച് കുറച്ചുകാലം കൂടി കഴിഞ്ഞ് രേണു എന്തെങ്കിലും സമൂഹത്തിന് സംഭാവന ചെയ്തൊരാൾ എന്ന നിലയിൽ വന്നിരുന്നെങ്കില്‍ അംഗീകരിക്കാന്‍ കഴിയുമായിരുന്നുവെന്നും നടി പറഞ്ഞു. ഒരുപാട് യോഗ്യതയുള്ള മത്സരാർത്ഥികൾ പുറത്തു നിൽക്കുമ്പോൾ രേണുവിനെ തിരഞ്ഞെടുത്ത ബിഗ് ബോസ് ഷോയ്ക്ക് ഇത്ര വില മാത്രമേയുള്ളോ എന്നും മനീഷ ചോദിക്കുന്നു.
രേണു സുധിയല്ല മലയാളത്തിലെ ആദ്യത്തെ വിധവയെന്നും മനീഷ പറയുന്നു. താൻ അടക്കമുള്ള ആളുകൾ ഭർത്താവില്ലാത്ത രണ്ട് മക്കളെയും പോറ്റി ജീവിക്കുന്നവരാണ്. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതൊരു ബാധ്യതയായി കാണിച്ചു നടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. രേണു സുധി ഒരു ശക്തമായ മത്സരാർത്ഥിയായ ബിഗ്ബോസിൽ വരണമായിരുന്നു എന്നാണ് തോന്നിയത്. ബിഗ് ബോസ് ഹൗസിലെ ആള്‍ക്കാര്‍ ഗിനി പന്നികളാണ് എന്നും മനീഷ ആരോപിച്ചു.
ALSO READ: അതിഥികൾ എങ്ങനെയുണ്ട്?; മികവുകളും കുറവുകളും ചൂണ്ടിക്കാട്ടി ജീവനക്കാർ
ബിഗ് ബോസ് മത്സരാർത്ഥികൾ പരീക്ഷണ വസ്തുക്കളാണെന്നും വര്‍ഷങ്ങള്‍ കഴിയുമ്പോൾ സൈക്യാട്രിസ്റ്റുകള്‍ ബിഗ് ബോസ് എപ്പിസോഡുകള്‍ ഒരു പാഠ്യവിഷയമായി എടുത്തേക്കാമെന്നും അവർ കൂട്ടിച്ചേർത്തു. മനുഷ്യന്റെ മനസ് ഒരു ക്ലോസ്ഡ് സര്‍ക്യൂട്ടിനുള്ളില്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് വ്യക്തമായി കാണിക്കുന്ന പ്രോഗ്രാമാണ് ബിഗ് ബോസ്. രണ്ട് കിളി പോയ കേസുകളെയാണ് അവിടെ എടുക്കുന്നതെന്നും, അപ്പോൾ കിളി പോകാൻ പ്രത്യേകിച്ച് കാരണം ഒന്നുമില്ലെന്നും മനീഷ കൂട്ടിച്ചേർത്തു.