Bigg Boss Malayalam 7: പണി വരുന്നുണ്ട് അവറാച്ചാ! ബിഗ് ബോസ് ഹൗസിൽ മോഹൻലാലിന്റെ മിന്നല്‍ പരിശോധന; ഇത്തവണ ഏഴിന്റെ പണി ആര്യന്
Bigg Boss Malayalam Season 7 New Promo: ഇത് ആദ്യമായാണ് മത്സരാർത്ഥികളെ എല്ലാവരെയും പുറത്തുനിർത്തി മോഹൻലാൽ മിന്നൽ പരിശോധനയ്‌ക്കെത്തിയത്. ഒറ്റക്കല്ല, കൂടെ റോബോട്ടായ സ്പൈക്കുട്ടനുമുണ്ട്.
ഏഴിന്റെ പണികളുമായാണ് ഇത്തവണ ബിഗ് ബോസ് ഏഴാം സീസൺ ആരംഭിച്ചത്. ഷോ ആരംഭിച്ച് മൂന്ന് ആഴ്ച പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ഹൗസിനുള്ളിൽ നടക്കുന്നത്. വ്യത്യസ്ത ടാസ്കും ഗെയിംമുമാണ് ഇത്തവണ മത്സരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സൂചന നൽകുകയാണ് പുതിയ ബിഗ് ബോസ് പ്രോമോ. ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രോമോയിലാണ് ഏഴിന്റെ പണിയുമായി മോഹൻലാൽ എത്തിയത്.
വീട് പരിശോധിക്കാൻ വീടിനകത്തേക്ക് എത്തിയ മോഹൻലാലിനെയാണ് പ്രോമോയിൽ കാണുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ മോഹൻലാൽ വീട്ടിലെത്തുന്നത്. ഇതിനുമുൻപ് മത്സരാർത്ഥികളുടെ ആവശ്യപ്രകാരം വിശേഷ ദിവസങ്ങളിൽ വീട്ടുകാരെ കാണാൻ മോഹൻലാൽ വീടിനുള്ളിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് മത്സരാർത്ഥികളെ എല്ലാവരെയും പുറത്തുനിർത്തി മോഹൻലാൽ മിന്നൽ പരിശോധനയ്‌ക്കെത്തിയത്. ഒറ്റക്കല്ല, കൂടെ റോബോട്ടായ സ്പൈക്കുട്ടനുമുണ്ട്.
വീട്ടിലെക്കെത്തിയ മോഹൻലാൽ അടുക്കളയും ബെഡ്‌റൂമും ബാത്റൂമും അടക്കം വിശദമായി പരിശോധിക്കുന്നതാണ് പ്രൊമോയിൽ കാണുന്നത്. വൃത്തിഹീനമായി കിടക്കുന്ന അടുക്കള, കിടപ്പുമുറി എന്നിവയെല്ലാം മോഹൻലാൽ പരിശോധിക്കുന്നുണ്ട്. തിരികെ ഫ്ലോറിൽ എത്തിയശേഷം ഓരോ കാര്യങ്ങളായി ചോദ്യം ചെയ്യുന്ന മോഹൻലാൽ വീട് മോശമാക്കി ഇട്ടവർക്കുള്ള പണിഷ്‌മെന്റും നൽകുമെന്ന് തന്നെയാണ് പ്രൊമോയിൽനിന്ന് മനസിലാകുന്നത്.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് ആര്യൻ മുഖം ഷേവ് ചെയ്‍ത കാര്യം മോഹൻലാൽ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിനു മറുപടി നൽകാതെ ഇരിക്കുന്ന ആര്യനെ കാണാം. ഇതിനു ശിക്ഷയായി ആര്യന്റെ ആം ബാൻഡ് മോഹൻലാൽ തിരിച്ചെടുക്കുന്നതും പ്രൊമോയിൽ കാണാം. ഇത് ഇനി തിരിച്ച് കിട്ടില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്.