Bindu Panicker: കുഞ്ഞിക്കൂനൻ ഷൂട്ടിൻ്റെ സമയത്ത് സായിയേട്ടനെ മനസ്സിലായില്ല; ആള് വശപ്പിശകാണെന്ന് വിചാരിച്ചു: ബിന്ദു പണിക്കർ
Bindu Panicker About Sai Kumar: കുഞ്ഞിക്കൂനൻ സിനിമയുടെ ഷൂട്ടിങ് സമയത്ത് സായ് കുമാറിനെ കണ്ടിട്ട് മനസിലായില്ലെന്ന് ബിന്ദു പണിക്കർ. സിനിമയിൽ വില്ലൻ വേഷത്തിലായിരുന്നു സായ് കുമാർ.

ബിന്ദു പണിക്കർ, സായ് കുമാർ
കുഞ്ഞിക്കൂനൻ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് സായ് കുമാറിനെ കണ്ടിട്ട് മനസിലായില്ലെന്ന് ഭാര്യ ബിന്ദു പണിക്കർ. വശപ്പിശകുള്ള ഒരാൾ നിൽക്കുന്നുണ്ടല്ലോ എന്ന് തോന്നി. പിന്നീടാണ് അത് സായ് കുമാർ ആണെന്ന് മനസിലായതെന്നും ബിന്ദു പണിക്കർ പറഞ്ഞു. ദിലീപ് നായകനായി 2002ൽ പുറത്തിറങ്ങിയ സിനിമയിൽ സായ് കുമാർ വാസു എന്ന വില്ലൻ റോളാണ് ചെയ്തത്.
“ഷൂട്ടിങ് നടക്കുന്ന സമയത്ത് എനിക്ക് മനസ്സിലായില്ല. ഞാൻ അതിലേ പാസ് ചെയ്ത് പോകുമ്പോൾ ഒരാള് കണ്ണൊക്കെ ചുവന്ന്, കൈലിമുണ്ടൊക്കെ ഉടുത്ത് നിൽക്കുന്നു. ഞാൻ ഷോട്ടിന് പോയി തിരികെവരുമ്പോഴും അയാൾ ഇങ്ങനെ നിന്ന് നോക്കുന്നു. രണ്ടാമത് പോയിട്ടുവരുമ്പോഴും ഇയാള് വേലിയുടെ അവിടെനിന്ന് സിഗരറ്റ് വലിക്കുന്നു. ഇതെന്താ ഒരു വശപ്പിശകായിട്ടുള്ള ഒരാൾ ഇവിടെ നിൽക്കുന്നത് എന്ന് തോന്നി. പിന്നെയാണ് അത് സായ് ചേട്ടനാണെന്ന് എനിക്ക് മനസിലായത്.”- ബിന്ദു പണിക്കർ പറഞ്ഞു.
Also Read: Nikhila Vimal: നിഖില ഒന്ന് മിണ്ടിയാല്‍ ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമ തീരും: വിപിന്‍ ദാസ്
ബെന്നി പി നായരമ്പലത്തിൻ്റെ തിരക്കഥയിൽ ശശി ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് കുഞ്ഞിക്കൂനൻ. മിലൻ ജലീൽ ആയിരുന്നു നിർമ്മാതാവ്. മന്യ, നവ്യ നായർ, കൊച്ചിൻ ഹനീഫ, സലിം കുമാർ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. പി സുകുമാറും സാലു ജോർജും ചേർന്നാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്. രഞ്ജൻ എബ്രഹാം എഡിറ്റും മോഹൻ സിത്താര സംഗീതസംവിധാനവും നിർവഹിച്ചു. ഇരട്ട റോളിൽ ദിലീപ് അഭിനയിച്ച സിനിമ ബോക്സോഫീസിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോൾ ടെലിവിഷനിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ കൂടിയാണ് കുഞ്ഞിക്കൂനൻ.
2009ലാണ് സായ് കുമാറും ബിന്ദു പണിക്കരും തമ്മിൽ വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.