Binu Pappu: അവസാനകാലത്ത് അച്ഛൻ്റെ മുറിയിൽ വച്ചിരുന്നത് ഡമ്മി ഫോണായിരുന്നു; സിനിമകൾ കമ്മിറ്റ് ചെയ്യാതിരിക്കാൻ അതായിരുന്നു മാർഗം: ബിനു പപ്പു
Binu Pappu About Kuthiravattam Pappus Last Days: അച്ഛൻ്റെ അവസാനകാലത്ത് മുറിയിൽ വച്ചിരുന്നത് ഡമ്മി ഫോൺ ആയിരുന്നെന്ന് ബിനു പപ്പു. അച്ഛൻ സിനിമകൾ കമ്മിറ്റ് ചെയ്യാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബിനു പപ്പു. കുതിരവട്ടം പപ്പു
കുതിരവട്ടം പപ്പുവിൻ്റെ അവസാനകാലത്ത് അദ്ദേഹത്തിൻ്റെ മുറിയിൽ വച്ചിരുന്നത് ഡമ്മി ഫോണായിരുന്നു എന്ന് മകനും നടനുമായ ബിനു പപ്പു. മറ്റ് ഫോണുകളുടെയൊക്കെ ശബ്ദം കുറച്ച് വച്ചു. ഫോണെടുത്ത് സിനിമകൾ കമ്മിറ്റ് ചെയ്യാതിരിക്കാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും ബിനു പപ്പു അഭിമുഖത്തിൽ പറഞ്ഞു.
“ആരോഗ്യപ്രശ്നങ്ങൾ കാരണം സമ്മർ ഇൻ ബത്‌ലഹേമിൽ അഭിനയിക്കാതെ അച്ഛൻ തിരിച്ച് വീട്ടിൽ വന്നു. ചില അനാവശ്യ കടുംപിടുത്തങ്ങളുണ്ടായിരുന്നു. ഡോക്ടറിൻ്റെ അടുത്ത് പോകാൻ വിളിച്ചാൽ വരില്ല. ആരോഗ്യം കുറച്ച് മോശമാവണം. എന്നാലേ വരൂ. തീരെ വയ്യ എന്ന പോയിൻ്റെത്തുമ്പോഴേ വരൂ. അങ്ങനത്തെ കുറച്ച് കടുംപിടുത്തങ്ങളും വാശികളുമൊക്കെയുണ്ട്. ഡോക്ടറുടെ അടുത്ത് പോയപ്പോൾ അസുഖം കുറച്ച് വഷളായിരുന്നു. നിമോണിയ ആയി. അച്ഛന് ഒരു അറ്റാക്കും വന്നിരുന്നു. 81ലോ മറ്റോ. ഗുരുതരമായ അറ്റാക്കായിരുന്നു.”- ബിനു പപ്പു വിശദീകരിച്ചു.
Also Read: Maniyanpilla Raju: ‘റോഡ്സൈഡിൽ 150 രൂപയ്ക്ക് വിൽക്കുന്ന ഷർട്ടാണ് മോഹൻലാൽ ധരിച്ചത്’; മണിയൻപിള്ള രാജു
“ആ സമയത്ത് റിക്കവർ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടി. അങ്ങനെ ആരോഗ്യം വളരെ മോശമായി. ആ ഘട്ടം തരണം ചെയ്ത് വരുമെന്ന് ഡോക്ടർമാർ പോലും കരുതിയതല്ല. കിട്ടില്ല എന്നുറപ്പിച്ച പോയിൻ്റിൽ നിന്നാണ് തിരിച്ചുകിട്ടിയത്. ഒരു കാരണവശാലും വീട് വിട്ട് പുറത്തുപോകരുതെന്ന് ഡോക്ടർ പറഞ്ഞു. കാരണ, ശ്വാസകോശം വീക്കാണ്. പൊടിയൊന്നും ഏൽക്കരുത്.”- അദ്ദേഹം പറഞ്ഞു.
“അങ്ങനെ അച്ഛനെ വീട്ടിൽ കൊണ്ടുവന്നു. അച്ഛൻ്റെ മുറിയിൽ വച്ചിരുന്ന ഫോൺ ഡമ്മി ആയിരുന്നു. വെറുതെ കുത്തിയിട്ടിരിക്കുകയായിരുന്നു. അതിൽ ബെല്ലടിക്കില്ല. കാരണം, അച്ഛൻ ഫോണെടുത്താൽ പടം കമ്മിറ്റ് ചെയ്യും. അച്ഛനെ വിടാൻ പറ്റില്ല. കോഡ്ലസ് ഫോൺ അടുക്കളയിൽ വെക്കും. വീടിൻ്റെ ഫ്രണ്ടിലുള്ള ഫോണൊക്കെ ശബ്ദം കുറച്ച് വച്ചിരുന്നു.”- ബിനു പപ്പു തുടർന്നു.