Durga Krishna: ‘പ്രസവശേഷം ഭർത്താവിനെ നഷ്‌ടപ്പെട്ടതായി തോന്നുന്നു’; വിഷാദാവസ്ഥ തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ
Durga Krishna About Postpartum Depression: പുറമേ നിന്ന് നോക്കുന്നവർക്ക് മനസിലാകാത്ത അത്രയും ആഴത്തിലുള്ള സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രസവശേഷം ഭർത്താവിനെ നഷ്‌ടമായതായി തോന്നുന്നുവെന്നും ദുർഗ പറഞ്ഞു.
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ദുർഗ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഗർഭക്കാലത്തെ എല്ലാ വിശേഷങ്ങളും പങ്കുവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറിലാണ് നടിക്ക് ആദ്യത്തെ കൺമണി പിറന്നത്. ഗർഭക്കാലത്ത് താൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും കൊവിഡ് വരെ പിടിപെട്ട് മുറിക്കുള്ളിൽ തന്നെ കഴിയേണ്ട അവസ്ഥയെ കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ പ്രസവാനന്തരമുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫേസ്‌ബുക്കിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പുറമേ നിന്ന് നോക്കുന്നവർക്ക് മനസിലാകാത്ത അത്രയും ആഴത്തിലുള്ള സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രസവശേഷം ഭർത്താവിനെ നഷ്‌ടമായതായി തോന്നുന്നുവെന്നും ദുർഗ പറഞ്ഞു.
Also Read: ‘രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരു കുഞ്ഞിനെ നഷ്ടമായി, എന്നിട്ടും ഞാൻ സ്ട്രോങ്ങ് ആണ്’; പേളി മാണി
ഭർത്താവിൽ നിന്നും സ്നേഹവും പരിചരണവും ലഭിക്കാത്തത് തന്നെ ഏറെ തളർത്തിയതെന്നും ദുർഗ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു. പക്ഷെ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു? എന്ന ഫോളോവേഴ്സിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ.
ഗർഭകാലത്ത് തന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞ് പോയിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമെ കാണാൻ കഴിയുന്നുള്ളൂ. താൻ അവിടെ അദൃശ്യയായി മാറിയെന്നും നടി പറയുന്നു. കരിയറും ശരീരവും ആരോഗ്യവും ഉറക്കവുമെല്ലാം കുഞ്ഞിനായി ത്യാഗം ചെയ്തത് താനാണ്. എന്നാൽ രാത്രിയിൽ താൻ ഉണർന്നിരിക്കുമ്പോൾ ഭർത്താവ് മറ്റൊരു മുറിയിൽ ഉറങ്ങുകയാണെന്നും നടി പറഞ്ഞു. താൻ ജീവിക്കുന്ന ഈ ഏകാന്തത തന്നെ വിഷാദത്തിലാക്കുന്നു എന്നായിരുന്നു ദുർഗയുടെ കുറിപ്പ്.