Identity Movie: ടൊവിനോ പലതരത്തിലും സഹായിച്ചു; ചെറിയ തുകയാണ് അദ്ദേഹം അഡ്വാൻസായി വാങ്ങിയത്: വിശദീകരണവുമായി നിർമ്മാതാവ്
Identity Movie - Tovino Thomas: ഐഡൻ്റിറ്റി സിനിമയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ നടൻ ടൊവിനോ തോമസ് ഒരുപാട് സഹായിച്ചു എന്ന് നിർമ്മാതാവ് രാജു മല്യത്ത്. ചെറിയ തുകയാണ് ടൊവിനോ അഡ്വാൻസായി വാങ്ങിയത്. സിനിമയുടെ റിലീസിൽ ഉൾപ്പെടെ അദ്ദേഹത്തിൻ്റെ സഹായമുണ്ടായിരുന്നു എന്നും നിർമ്മാതാവ് പറഞ്ഞു.

ടൊവിനോ തോമസ് നായകനായെത്തിയ ഐഡൻ്റിറ്റി എന്ന സിനിമയെപ്പറ്റിയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സിനിമയുടെ നിർമ്മാതാവ് രാജു മല്യത്ത്. സിനിമയുടെ റിലീസിൽ ഉൾപ്പെടെ പലതരത്തിലും ടൊവിനോ തങ്ങളെ സഹായിച്ചെന്നും ചെറിയ തുകയാണ് അദ്ദേഹം അഡ്വാൻസായി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്ടർ പ്രമോഷൻ ചിത്രത്തിൻ്റെ ബജറ്റ് വർധിപ്പിച്ചെന്നും ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നും ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ സംവിധായകൻ വിനു കിരിയത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ വാർത്താകുറിപ്പിലൂടെയാണ് നിർമ്മാതാവ് രംഗത്തുവന്നത്.
പലകാരണങ്ങൾ കൊണ്ടാണ് സിനിമയുടെ ബജറ്റ് വർധിച്ചത്. ഐഡന്‍റിറ്റി നല്ല സിനിമയായി വരാത്തതിനാൽ മറ്റൊരു സിനിമ ചെയ്യാന്‍ ടൊവിനോ സമ്മതിച്ചു. ഹെലികോപ്ടർ പ്രമോഷനൊന്നും ടൊവിനോ ആവശ്യപ്പെട്ടതല്ല. വളരെ ചെറിയൊരു തുകയാണ് അഡ്വാൻസായി അദ്ദേഹം ആവശ്യപ്പെട്ടത് എന്നും നിര്‍മാതാക്കളായ രാഗം മൂവീസിന്‍റെ ഉടമ രാജു മല്യത്ത് വ്യക്തമാക്കി.




കഴിഞ്ഞ 45 വർഷമായി താൻ സിനിമാനിർമ്മാണരംഗത്ത് നിർമ്മാതാവായും സഹനിർമ്മാതാവും പ്രവർത്തിച്ചുവരുന്നയാളാണ് താനെന്ന് വാർത്താകുറിപ്പിൽ അദ്ദേഹം പറയുന്നു. അവയിൽ ലാഭവും നഷ്ടവുമുണ്ടായി. പണ്ടത്തെ നിർമ്മാണരീതികളോ കഥകളോ പ്രചാരണ രീതികളോ അല്ല ഇന്ന്. പ്രചാരണത്തിനായി ടൊവിനോ ഹെലികോപ്ടർ ആവശ്യപ്പെട്ടിട്ടില്ല. സിനിമ എങ്ങനെ റിലീസ് ചെയ്യുമെന്ന് പ്രതിസന്ധി ഉണ്ടായപ്പോൾ സമാധാനിപ്പിച്ചയാളാണ് ടൊവിനോ. കോൺഫിഡൻസ് ഗ്രൂപ്പിനെ നിർമ്മാണപങ്കാളിയാക്കാനുള്ള സാഹചര്യവും ടൊവിനോ ഒരുക്കിത്തന്നു. സിജെ റോയ് ആണ് ഹെലികോപ്ടർ പ്രചാരണമെന്ന രീതി കൊണ്ടുവന്നത്. അതിൻ്റെ ചിലവ് അദ്ദേഹം അല്ലാതെ മുടക്കിയതാണ്.
2018 മുതൽ താൻ ടൊവിനോയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ചെറിയ ഒരു തുക മാത്രമാണ് അദ്ദേഹം സിനിമയ്ക്കായി അഡ്വാൻസ് വാങ്ങിയത്. ചിത്രത്തിൻ്റെ ഷൂട്ടിങിന് പണം ആവശ്യമുണ്ടല്ലോ. അതുകൊണ്ട് റിലീസ് ചെയ്തിട്ട് ബാക്കി തുക തന്നാൽ മതി എന്ന് അദ്ദേഹം പറഞ്ഞു. ഒന്നരവർഷത്തോളം നീണ്ടുനിന്ന സിനിമയുടെ നിർമ്മാണസമയത്തൊക്കെ അദ്ദേഹം കൂടെ നിന്നെന്നും നിർമ്മാതാവ് അറിയിച്ചു.
ടൊവിനോ തോമസും തൃഷ കൃഷ്ണനും ഒരുമിച്ച ഐഡൻ്റിറ്റി എന്ന സിനിമയാണ് ഈ വർഷം ജനുവരിയിൽ ഏറ്റവും വലിയ പരാജയം നേരിട്ട സിനിമകളിലൊന്ന്. 30 കോടി രൂപ മുതൽമുടക്കിലാണ് സിനിമ ഒരുങ്ങിയത്. എന്നാൽ, സിനിമയുടെ തീയറ്റർ ഷെയർ വെറും മൂന്നരക്കോടി രൂപ മാത്രമായിരുന്നു.അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമ നിലവിൽ സീ5ൽ സ്ട്രീം ചെയ്യുകയാണ്. ജേക്സ് ബിജോയ് ആണ് സിനിമയുടെ സംഗീതസംവിധാനം. ചമൻ ചാക്കോ എഡിറ്റും അഖിൽ ജോർജ് ക്യാമറയും കൈകാര്യം ചെയ്തു. ഈ വർഷം ജനുവരി രണ്ടിനാണ് സിനിമ തീയറ്ററുകളിലെത്തിയത്.