Janaki vs State of Kerala: കട്ട് വേണ്ട, മ്യൂട്ട് വേണം! സെന്‍സര്‍ ബോര്‍ഡ് അടങ്ങി? ജാനകിക്ക് ‘ഇനിഷ്യല്‍’ മതി
Janaki vs State of Kerala Movie Name Controversy: നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന നിലപാടാണ് കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി. സിനിമയുടെ നിര്‍മ്മാതാക്കളുടെ നിലപാട് ഹൈക്കോടതി തേടി

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ഫ്ലെക്സ്
കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റണമെന്ന മുന്‍നിലപാട് സെന്‍സര്‍ ബോര്‍ഡ് മയപ്പെടുത്തി. എന്നാല്‍ പേരില്‍ ചെറിയൊരു മാറ്റം സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കഥാപാത്രത്തിന്റെ ഇനിഷ്യലും കൂടി ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നങ്ങളില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ‘ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യെന്നോ അല്ലെങ്കില്‍ ‘വി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യെന്നോ എന്നോ പേര് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്. ജാനകി വിദ്യാധരന്‍ എന്ന പേരിന് പകരമായി ജാനകി വി അല്ലെങ്കില്‍ വി ജാനകി എന്ന പേരുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നത്. കേസില്‍ ഉച്ചയ്ക്ക് 1.45ന് ശേഷം വിശദമായി വാദം കേള്‍ക്കും. തുടര്‍ന്നാകും അന്തിമ തീരുമാനം. . കേസില്‍ ഇന്ന് തന്നെ ഉത്തരവുണ്ടാകുമെന്നാണ് സൂചന.
നേരത്തെ 96 കട്ട് ആണ് സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും കട്ട് ചെയ്യേണ്ടെന്നും നിര്‍ദ്ദേശിച്ചു. ക്ലൈമാക്‌സ് സീനിന്റെ ഭാഗമായുള്ള വിസ്താര സീനില്‍ പല തവണ ജാനകി എന്ന് പറയുന്നുണ്ടെന്നും അത് പാടില്ലെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. പേര് മാറ്റുകയോ, അല്ലെങ്കില്‍ ജാനകി എന്ന പേര് പറയുമ്പോള്‍ മ്യൂട്ട് ചെയ്യുകയോ വേണമെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന നിലപാടാണ് കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി. സിനിമയുടെ നിര്‍മ്മാതാക്കളുടെ നിലപാട് ഹൈക്കോടതി തേടിയിട്ടുണ്ട്.
വിശദമായ സത്യവാങ്മൂലം നല്‍കും
ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് നിര്‍മ്മാതാക്കളുടെ ഹര്‍ജി പരിഗണിച്ചത്. ജാനകി എന്ന പേര് മാത്രം ഉപയോഗിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന വിശദീകരണം കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ബോര്‍ഡ് വിശദമായ സത്യവാങ്മൂലം നല്‍കുമെന്നാണ് വിവരം.