Kajol Issues Clarification: പ്രേതബാധ പണിയായി; ഒടുവിൽ റാമോജിയെ പറ്റി കാജോളിൻ്റ വാക്കുകൾ
Kajol Issues Clarification on Ramoji Film City Comment: ലോകത്തെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സുകളിൽ ഒന്നാണ് രാമോജി ഫിലിം സിറ്റി. ഒട്ടേറെ ബോളിവുഡ്, ടോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളുടെ ഷൂട്ടിങ്ങിനും ഇവിടം വേദിയായിട്ടുണ്ട്.

കജോൾ
ഹൈദരാബാദ്: ബോളിവുഡ് താരം കാജോൾ അടുത്തിടെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയെ കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്ന്’ എന്നാണ് രാമോജി ഫിലിം സിറ്റിയെ കജോൾ വിശേഷിപ്പിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിനിടെയായിരുന്നു പരാമർശം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെ തന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് കജോൾ.
രാമോജി ഫിലിം സിറ്റി ‘സുരക്ഷിതവും കുടുംബസൗഹൃദവുമായ’ സ്ഥലമാണെന്ന് നടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ജൂൺ 19ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് രാമോജി ഫിലിം സിറ്റിയെ കജോൾ ‘പ്രേതബാധയുള്ള’ ഇടം എന്ന് വിശേഷിപ്പിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ, കാജോളിന്റെ പരാമർശം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സുകളിൽ ഒന്നാണ് രാമോജി ഫിലിം സിറ്റി. ഒട്ടേറെ ബോളിവുഡ്, ടോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളുടെ ഷൂട്ടിങ്ങിനും ഇവിടം വേദിയായിട്ടുണ്ട്. എന്നിട്ടും ഈ സ്ഥലത്തെ ‘പേടിപ്പെടുത്തുന്ന’ എന്ന് വിശേഷിപ്പിച്ചത് സിനിമ രംഗത്തുള്ളവരെയും പ്രേക്ഷകരെയും ഒരുപോലെ അസ്വസ്ഥരാക്കായി എന്നുവേണം പറയാൻ. വിവാദം ശക്തമായതിനെ തുടർന്ന് ജൂൺ 23ന് കജോൾ തന്റെ പ്രസ്താവനയിൽ വിശദീകരണം നൽകി രംഗത്തെത്തി.
“രാമോജി ഫിലിം സിറ്റി ഒരു മികച്ച സ്ഥലമാണ്, തികച്ചും സുരക്ഷിതവും കുടുംബങ്ങൾക്കും കുട്ടികൾക്കും അനുയോജ്യവുമാണ്” എന്ന് കജോൾ വ്യക്തമാക്കി. താൻ നടത്തിയ പരാമർശം തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും, തനിക്ക് രാമോജി ഫിലിം സിറ്റിയിൽ നിന്നും ലഭിച്ചത് മികച്ച അനുഭവമാണെന്നും കാജോൾ കൂട്ടിച്ചേർത്തു.