Kerala Assembly Election 2026 : 80ലെ മമ്മൂട്ടി ചിത്രത്തിൽ മത്സരിച്ച എകെ ശശീന്ദ്രൻ; ജെൻസി യുഗത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ

AK Saseendran Kerala Assembly Election 2026 : കണ്ണൂർ ജില്ലയിലെ പെരുങ്ങളത്ത് നിന്നാണ് ആദ്യമായി എ കെ ശശീന്ദ്രൻ ജനവിധി തേടുന്നത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻ്റെ യു നിലവിലെ എ ഗ്രൂപ്പിൻ്റെ ഭാഗമായിട്ടായിരുന്നു ശശീന്ദ്രൻ മത്സരിച്ചത്.

Kerala Assembly Election 2026 : 80ലെ മമ്മൂട്ടി ചിത്രത്തിൽ മത്സരിച്ച എകെ ശശീന്ദ്രൻ; ജെൻസി യുഗത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ

Ak Saseendran, Melam Movie

Published: 

17 Mar 2026 | 10:44 PM

കോഴിക്കോട് : ഏലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ അല്ലാതെ എൽഡിഎഫിന് മറ്റൊരു സ്ഥാനാർഥി ഇല്ലെന്ന് പറയാം. എൻസിപിക്കുള്ളിൽ വിമത ശബ്ദമുണ്ടെങ്കിലും അതെല്ലാം ഒതുക്കി ഒമ്പതാം തവണയും നിയമസഭയിലേക്ക് മത്സരിക്കാൻ ഇറങ്ങുകയാണ് എകെ ശശീന്ദ്രൻ. 1980 മുതൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാണ് ശശീന്ദ്രൻ. ശശീന്ദ്രൻ്റെ 80ലെ ആ പോരാട്ടത്തെ സാക്ഷി വഹിക്കുന്ന ഒരു മലയാള സിനിമയും കൂടിയുണ്ട്. സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടി വെള്ളിത്തിരയിൽ ശ്രദ്ധേയമായതും ഈ ചിത്രത്തിലൂടെ തന്നെയാണ്.

80ലെ തിരഞ്ഞെടുപ്പ്

കേരളത്തിൻ്റെ ആറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു 1980ൽ നടന്നത്. ഇ കെ നയനാരും ലീഡർ കെ കരുണാകരനും നേർക്കുനേരെയെത്തിയ യുദ്ധം. കോൺഗ്രസിലെ പൊട്ടിത്തെറിക്കും ഗ്രൂപ്പ് രാഷ്ട്രീയത്തിനും സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പായിരുന്നു 1980ലേത്. കോൺഗ്രസ് യു ഗ്രൂപ്പും (നിലവിലെ എ ഗ്രൂപ്പ്) സിപിഎമ്മും സിപിഐയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് എല്ലാം ചേർന്നുള്ള എൽഡിഎഫ് മുന്നണി 98 സീറ്റുകൾ നേടി വമ്പൻ ജയം സ്വന്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് യുവിൻ്റെ ഭാഗമായി എ കെ ശശീന്ദ്രൻ കണ്ണൂരിലെ പെരുങ്ങളത്ത് മത്സരിച്ച് വിജയിച്ച് ആദ്യ നിയമസഭയിലേക്കെത്തി.

എ കെ ശശീന്ദ്രന് മത്സരിച്ചത് സിനിമയിൽ

80ലെ ശശീന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള തെളിവ്, മമ്മൂട്ടി-കെ ജി ജോർജ് കൂട്ടുകെട്ടിലെ മേളം എന്ന സിനിമയാണ്. സിനിമയുടെ ആദ്യ ഭാഗത്ത് നായകനായ രഘു തൻ്റെ ഗ്രാമത്തിലേക്ക് വരുമ്പോഴുള്ള സീനുകളിൽ എ കെ ശശീന്ദ്രനെ വിജയിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചുവരെഴുത്തുകൾ ചിത്രത്തിൽ കാണാൻ സാധിക്കും. കോൺഗ്രസ് യു ഗ്രൂപ്പിൻ്റെ ചർക്ക ആയിരുന്നു ശശീന്ദ്രൻ്റെ ചിഹ്നം. ആ തിരഞ്ഞെടുപ്പിൽ 5890 വോട്ടുകൾക്കായിരുന്നു ശശീന്ദ്രൻ്റെ കന്നി ജയം.

പിന്നീട് അങ്ങോട്ട്

80ലെ ജയത്തിന് ശേഷം 82ൽ എടയ്ക്കാട് നിന്ന് വീണ്ടും എൽഡിഎഫിന് വേണ്ടി കോൺഗ്രസ് സെക്യൂലർ സ്ഥാനാർഥിയായി ശശീന്ദ്രന് മത്സരിച്ച് വീണ്ടും നിയമസഭയിലേക്കെത്തി. അതിന് ശേഷം 87ലെ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നാണ് എൽഡിഎഫിന് വേണ്ടി ശശീന്ദ്രൻ മത്സരിച്ചത്. എന്നാൽ കോൺഗ്രസിൻ്റെ പി ഭാസ്കരനോട് തോറ്റു. അതു കഴിഞ്ഞ് 1991 നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും കണ്ണൂരിൽ നിന്നും തോറ്റതോടെ ശശീന്ദ്രൻ 15 വർഷത്തേക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നു. 2006ൽ എൻസിപിയുടെ വീണ്ടും തിരഞ്ഞെടുപ്പിന് കച്ചകെട്ടി. ബാലുശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ശശീന്ദ്രൻ 14,000ത്തിൽ അധികം വോട്ടിനാണ് ജയിച്ചാണ് തൻ്റെ തിരിച്ചുവരവ് നടത്തിയത്.

ഏലത്തൂരിലെ ഹാട്രിക് ജയം

2011ൽ ബാലുശ്ശേരി സംവരണ മണ്ഡലമായതോടെ ശശീന്ദ്രൻ തൻ്റെ തട്ടകം ഏലത്തൂരിലേക്ക് മാറ്റി. ബാലുശ്ശേരിയിലെ അതെ ജയം ശശീന്ദ്രൻ ഏലത്തൂരിൽ തുടർന്നു. ഏലത്തൂർ മണ്ഡലത്തിൻ്റെ മുഖമായി ശശീന്ദ്രൻ വളർന്നു. ശക്തമായ ഒരു എതിർ സ്ഥാനാർഥി വരാതെയായപ്പോൾ ഏലത്തൂർകാർക്ക് മറ്റൊരാളെ കണ്ടെത്താനും സാധിച്ചില്ല. 2011ൽ 14654 വോട്ടിന് ജയിച്ച ശശീന്ദ്രൻ ഓരോ തവണയും തൻ്റെ ഭൂരിപക്ഷം ഉയർത്തി. 2016ൽ 29,057, 2021ൽ 38,502 എന്നീ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശശീന്ദ്രൻ്റെ ജയം. 2017ൽ ഫോൺവിളി വിവാദത്തിൽ രാജിവെക്കേണ്ടി വന്നെങ്കിലും ശശീന്ദ്രൻ തള്ളാൻ ഏലത്തൂർകാർക്ക് തയ്യാറായില്ല.

ജെൻസി യുഗത്തിലെ ശശീന്ദ്രൻ

80ൽ തുടങ്ങിയ ശശീന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പോരാട്ടം ഇന്ന് ജെൻസി യുഗത്തിൽ എത്തുമ്പോഴും അവസാനിക്കുന്നില്ല. വിമതശല്യമുണ്ടായിരുന്നെങ്കിലും അതില്ലാം മറികടന്നാണ് തൻ്റെ ഒമ്പതാം അങ്കത്തിന് ശശീന്ദ്രൻ വീണ്ടും ഏലത്തൂരിൽ ഇറങ്ങുന്നത്. അതേസമയം മണ്ഡലം ഏറ്റെടുത്ത കോൺഗ്രസ് ഇത്തവണ ശശീന്ദ്രനെ നേരിടാൻ ഒരു വനിത സ്ഥാനാർഥിയെയാണ്. കെപിസിസി ജെനറൽ സെക്രട്ടറിയായ വിദ്യ ബാലകൃഷ്ണനാണ് ഏലത്തൂരിലെ കോൺഗ്രസിൻ്റെ സ്ഥാനാർഥി

Follow Us
ഇത്രയ്ക്ക് സിമ്പിളാണോ സജി ചെറിയാൻ, സ്കൂട്ടറിൽ യാത്ര ചെയ്ത് മന്ത്രി
ബാലതാരമായിരുന്നു, ഇപ്പോൾ സ്റ്റൈലൊക്കെ ഒരുപാട് മാറി
ആരതി ഉഴിഞ്ഞ് പ്രവർത്തകർ, ശോഭ സുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
കണ്ടാൽ മാന്യൻ, ഫോൺ നൈസായിട്ട് മോഷ്ടിക്കുന്നത് കണ്ടോ?