Kerala Crime Files Season 2: കിഷ്കിന്ധാ കാണ്ഡത്തിൻ്റെ അവസാന ദിവസം അഹമ്മദ് കബീറിൽ നിന്ന് കോൾ; പിന്നെയൊന്നും ആലോചിച്ചില്ല: ബാഹുൽ രമേശ് പറയുന്നു
Bahul Ramesh Talks About KCF Season 2: കേരള ക്രൈം ഫയൽസിലേക്കുള്ള വരവ് എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്ത് ബാഹുൽ രമേശ്. സംവിധായകൻ അഹമ്മദ് കബീർ ആണ് തന്നെ വിളിച്ചതെന്ന് ബാഹുൽ രമേശ് പറഞ്ഞു.

കിഷ്കിന്ധാ കാണ്ഡം ഷൂട്ടിംഗിൻ്റെ അവസാന ദിവസമാണ് കേരള ക്രൈം ഫയൽസിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്ന് സീസൺ 2ൻ്റെ തിരക്കഥാകൃത്ത് ബാഹുൽ രമേശ്. സംവിധായകൻ അഹമ്മദ് കബീർ ആണ് വിളിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല എന്നും ബാഹുൽ രമേശ് പറഞ്ഞു. ജിയോഹോട്ട്സ്റ്റാറിൻ്റെ കേരള ക്രൈം ഫയൽസ് സീരീസ് രണ്ടാം സീസണ് തിരക്കഥയൊരുക്കിയത് കിഷ്കിന്ധാ കാണ്ഡം സിനിമയുടെ തിരക്കഥാകൃത്ത് ബാഹുൽ രമേശായിരുന്നു.
“സീരീസിൻ്റെ ക്യാമറമാൻ ജിതിൻ സ്റ്റാനിസ്ലാവോസ് ബാച്ച്മേറ്റാണ്. കിഷ്കിന്ധാ കാണ്ഡം ഷൂട്ടിൻ്റെ അവസാന ദിവസം അഹമ്മദ് കബീറിൽ നിന്ന് കോൾ വരുന്നു. കേരള ക്രൈം ഫയൽസിൻ്റെ രണ്ടാം സീസൺ ഓൺ ആയിട്ടുണ്ട്, വർക്ക് ചെയ്യാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. പിന്നെ രണ്ടാമത് ആലോചിക്കേണ്ടിവന്നില്ല. ത്രില്ലറാണ് ഇഷ്ടപ്പെട്ട ഴോണർ. പക്ഷേ, അതിലും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനാണ് താത്പര്യം. കേരള ക്രൈം ഫയൽസിൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന പോലീസും അന്വേഷണവുമൊക്കെ ഉണ്ട്. അതിൽ നിന്ന് തന്നെ പുതിയ രീതിയിൽ എങ്ങനെ കഥ പറയാമെന്നാണ് എഴുത്തിൽ ശ്രമിച്ചത്.”- ബാഹുൽ രമേശ് പറഞ്ഞു. ദി ക്യൂവിനോടായിരുന്നു ബാഹുലിൻ്റെ പ്രതികരണം.
Also Read: Noorin Shereef: ‘ഇതുപോലൊരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ ആഗ്രഹിച്ചത്’; വികാരഭരിതയായി നൂറിൻ




അഹമ്മദ് കബീറിൻ്റെ സംവിധാനത്തിലൊരുങ്ങിയ കേരള ക്രൈം ഫയൽസ് സീസൺ ടുവിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ സീസണിനെക്കാൾ മികച്ചതാണ് രണ്ടാം സീസൺ എന്നാണ് അഭിപ്രായം. മഹേഷ് ബുവാനന്ദ് എഡിറ്റിങ് നിർവഹിച്ചപ്പോൾ ഹിഷാം അബ്ദുൽ വഹാബായിരുന്നു സംഗീതം. അർജുൻ രാധാകൃഷ്ണൻ, ലാൽ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, നൂറിൻ ശരീഫ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ 20 മുതലാണ് സീരീസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്.