Maniyanpilla Raju: ‘രോഗം തിരിച്ചറിയേണ്ട എന്ന് അദ്ദേഹം മനപൂര്‍വം വിചാരിച്ചതായിരിക്കാം, കടിച്ചുപിടിച്ചാണ് അത് ചെയ്തത്’; മണിയന്‍പിള്ള രാജുവിനെക്കുറിച്ച് രഞ്ജിത്ത്
M Renjith about Maniyanpilla Raju: മലയാളികള്‍ ഇത്രമാത്രം സന്തോഷത്തോടെ കണ്ട ഒരു സിനിമ അടുത്തകാലത്തില്ലെന്ന് രഞ്ജിത്ത്. തിയേറ്റര്‍കാരും, നേരില്‍ കാണുന്നവരും ഇത് പറയുന്നുണ്ട്. ആ സന്തോഷം എത്ര പറഞ്ഞാലും മതിയാകില്ല. അതാണ് സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്നും രഞ്ജിത്ത്
അടുത്തിടെയാണ് താന്‍ കാന്‍സര്‍ സര്‍വൈവറാണെന്ന് നടന്‍ മണിയന്‍പിള്ള രാജു വെളിപ്പെടുത്തിയത്. തുടരും സിനിമയുടെ ഷൂട്ടിങ് സമയത്ത് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ആ സമയത്ത് അദ്ദേഹം ‘കടിച്ചുപിടിച്ചാ’ണ് അഭിനയിച്ചതെന്ന് തുടരും സിനിമയുടെ നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. ആ സമയത്ത് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ, ക്യാന്‍സറിന്റെ ‘ഹൈ’യില്‍ നില്‍ക്കുകയായിരുന്നുവെന്നും രഞ്ജിത്ത് വെളിപ്പെടുത്തി.
ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല എന്നത് ഉള്‍പ്പെടെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. തനിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. വര്‍ക്ക് ഇടയ്ക്ക് നിര്‍ത്തിയിട്ട് കൊല്ലത്ത് ടെസ്റ്റ് ചെയ്യാന്‍ വിട്ടിരുന്നു. പിന്നെ തിരിച്ചുവന്നു. കുഴപ്പമില്ലെന്നും പറഞ്ഞു. ഈ സിനിമ അഭിനയിക്കാന്‍ രോഗം തിരിച്ചറിയേണ്ട എന്ന് ചേട്ടന്‍ (മണിയന്‍പിള്ള രാജു) മനപ്പൂര്‍വം വിചാരിച്ചതായിരിക്കാം. അദ്ദേഹത്തിന് നല്ല വേഷമായിരുന്നു. അതുകൊണ്ട് കടിച്ചുപിടിച്ച് നിന്നാണ് അദ്ദേഹം അത് ചെയ്തത്. ആ സമയത്ത് കീമോ ഒന്നും തുടങ്ങിയിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
ആ സന്തോഷം എത്ര പറഞ്ഞാലും മതിയാകില്ല
മലയാളികള്‍ ഇത്രമാത്രം സന്തോഷത്തോടെ കണ്ട ഒരു സിനിമ അടുത്തകാലത്തില്ലെന്ന് എല്ലാവരും ഫോണ്‍ ചെയ്‌തോ, മെസേജ് അയച്ചോ പറയുന്നുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. തിയേറ്റര്‍കാരും, നേരില്‍ കാണുന്നവരും ഇത് പറയുന്നുണ്ട്. ആ സന്തോഷം എത്ര പറഞ്ഞാലും മതിയാകില്ല. അതാണ് സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയം. അതിന് മുകളില്‍ ഒന്നുമില്ല. തിയേറ്റര്‍കാരുടെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെയാണ്. ആവറേജ് ഹിറ്റാണെങ്കില്‍ അവര്‍ക്ക് തിയേറ്റര്‍ നടത്തിക്കൊണ്ടുപോകാനെ പറ്റൂ. വലിയ ഹിറ്റ് വരുമ്പോഴാണ് അവരുടെ ഇന്‍വെസ്റ്റ്‌മെന്റില്‍ എന്തെങ്കിലും തിരിച്ചു കിട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.




ലാലേട്ടന്‍ അഹങ്കാരം കാണിക്കാന്‍ ശ്രമിക്കുന്നയാളല്ല
”ചില മലയാളികള്‍ക്ക് ലാലേട്ടന്‍ ചേട്ടനാണ്. ചിലര്‍ക്ക് അച്ഛനെ പോലെയാണ്. ചിലര്‍ക്ക് ഏറ്റവും അടുത്ത ഒരാളെ പോലെയാണ്. കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആരാധനയോടെ കാണുന്ന ഒരു അങ്കിള്‍. 47 വര്‍ഷമായിട്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന ഒരാളാണ്. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നപോലെയാണ്”- രഞ്ജിത്ത് പറഞ്ഞു.
ഒരാളുടെയും മുമ്പില്‍ അഹങ്കാരം കാണിക്കാന്‍ ശ്രമിക്കുന്നയാളല്ല. അത്തരം ആഗ്രഹവുമില്ലാത്ത ആളാണ് അദ്ദേഹം. 15 വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഇമോഷണലായിട്ടുള്ള വേഷങ്ങള്‍ കുറവായിരുന്നു. അതാണ് ഈ സിനിമയ്ക്ക് കിട്ടിയ ഒരു ഗുണമെന്നും രഞ്ജിത്ത് പറഞ്ഞു.