Ahmedabad Plane Crash: കണ്ണീരിലാഴ്ത്തുന്ന അപകടമെന്ന് മോഹൻലാൽ, ഹൃദയഭേദകമായ സമയമെന്ന് മമ്മൂട്ടി; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി താരങ്ങള്‍
Ahmedabad Air India Crash: ദാരുണമായ സംഭവം ഞെട്ടലുളവാക്കിയെന്നും മരിച്ചവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. കണ്ണീരിലാഴ്ത്തുന്ന അപകടമെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

Mohanlal And Mammootty (1)
അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് താരങ്ങള്‍. മോഹൻലാൽ, മമ്മൂട്ടി, ടൊവിനോ തോമസ്, എന്നിവര്‍ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി. ദാരുണമായ സംഭവം ഞെട്ടലുളവാക്കിയെന്നും മരിച്ചവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. കണ്ണീരിലാഴ്ത്തുന്ന അപകടമെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
‘പറന്നുയർന്ന് നിമിഷങ്ങൾക്കകം നിരവധി ജീവനുകൾ അപഹരിച്ച ഇന്ത്യയിലെ ദാരുണമായ വിമാനാപകടത്തിന്റെ വാർത്ത ഞെട്ടലുളവാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ ഹൃദയഭേദകമായ സമയത്ത് മനോധൈര്യം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
എയർ ഇന്ത്യയിലെ ദാരുണമായ അപകടത്തിൽ ജീവഹാനി സംഭവിച്ചവർക്ക് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദുഃഖിതരായ എല്ലാ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു. പരേതർക്ക് നിത്യശാന്തിയും പരിക്കേറ്റവർക്ക് സൗഖ്യവും ലഭിക്കട്ടെ. ഓം ശാന്തി. എന്നാണ് മോഹൻലാൽ കുറിച്ചത്.
അതേസമയം ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, കരീന കപൂര്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അല്ലു അര്‍ജുന്‍, കാജോള്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, സാമന്ത, രശ്മിക മന്ദാന, ഷാഹിദ് കപൂര്‍, കിയാര അദ്വാനി എന്നിവരും ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് 1.38 നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ അപകടം സംഭവിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ എന്ന വിമാനം ആയിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതിൽ 241 പേരും മരണപ്പെടുകയായിരുന്നു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉണ്ട്.