Marco 2 : മാർക്കോ 2 ഉപേക്ഷിച്ചിട്ടില്ല; ഉണ്ണി മുകുന്ദന് പകരം ബോളിവുഡ് നടൻ?
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിനു പറ്റില്ലെങ്കിൽ മറ്റൊരു പ്രൊഡക്‌ഷൻ ടീമിനെവച്ച് മാർക്കോ 2 ചെയ്യണമെന്ന ഒരു ആരാധകന്റെ കമന്റിന് മറുപടിയായാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് വെളിപ്പെടുത്തൽ.
മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാര്‍ക്കോ’. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതോടെ ‘മാർക്കോ 2’-നായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉണ്ടായത്.
എന്നാൽ ആരാധകരെ നിരാശപ്പെടുത്തി കൊണ്ടായിരുന്നു അടുത്തിടെ ‘മാര്‍ക്കോ 2’ ചെയ്യുന്നില്ല എന്ന് ഉണ്ണി മുകുന്ദന്‍ തന്നെ തുറന്നുപറഞ്ഞത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ മാര്‍ക്കോ രണ്ടാം ഭാഗത്തെ പറ്റി ചോദിച്ചുള്ള ആരാധകന്‍റെ കമന്റിന് മറുപടിയായാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം വന്നത്. ‘‘ക്ഷമിക്കണം, മാര്‍ക്കോ സീരിസ് തുടരാനുള്ള പദ്ധതികള്‍ ഞാന്‍ ഉപേക്ഷിച്ചു. പ്രൊജക്ടിനുചുറ്റും വലിയ നെഗറ്റിവിറ്റിയാണ്. മാര്‍ക്കോയെക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാം. നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’’, എന്നാണ് ഉണ്ണി കമന്‍റില്‍ കുറിച്ചത്.
Also Read:ഒരുപാട് നെഗറ്റിവിറ്റിയുണ്ട്, മാർക്കോ 2 ചെയ്യില്ല; ഉണ്ണി മുകുന്ദൻ
എന്നാൽ ഇപ്പോഴിതാ ‘മാർക്കോ 2’ ചർച്ചകളിലാണ് തങ്ങൾ എന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ക്യൂബ്സ് എന്റർടൈൻമെന്റ്‌സ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിനു പറ്റില്ലെങ്കിൽ മറ്റൊരു പ്രൊഡക്‌ഷൻ ടീമിനെവച്ച് മാർക്കോ 2 ചെയ്യണമെന്ന ഒരു ആരാധകന്റെ കമന്റിന് മറുപടിയായാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് വെളിപ്പെടുത്തൽ. ‘മാർക്കോ’യുടെ അവകാശം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിനു മാത്രമാണെന്നും പ്രൊഡക്ഷൻ കമ്പനിയുടെ വക്താക്കൾ കുറിച്ചു.
മാർക്കോയ്ക്ക് നിങ്ങൾ നൽകിയ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാർക്കോ സീരീസിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന് മാത്രമാണ് മാർക്കോയുടെ എല്ലാ അവകാശങ്ങളും ഉള്ളത്, മാർക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ശ്രദ്ധിക്കുക, ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ കൈമാറ്റം ചെയ്യാനോ പങ്കുവയ്ക്കാനോ ഞങ്ങൾ തയാറല്ല. എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ കമന്റിന് മറുപടിയായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് കുറിച്ചത്. ഇതോടെ ഉണ്ണി മുകുന്ദന് പകരം മാർക്കോ സീരിസിന്റെ അടുത്ത ഘട്ടം ബോളിവുഡിലെ ഒരു മുൻനിര നടനുമായി ഇവർ ആസൂത്രണം ചെയ്യുന്നതായി സൂചനയുണ്ട്.