Thudarum Poster: ‘നമ്മുടെയൊക്കെ വീട്ടിലുണ്ട് ഇങ്ങനെ ഒരാൾ’; പാട്ടെത്തും മുൻപേ ‘തുടരും’ പുത്തൻ പോസ്റ്റർ എത്തി
Thudarum Movie New Poster Released: സിനിമയിലെ ആദ്യ ഗാനം പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ആരാധകരെ ആവേശത്തിലാക്കികൊണ്ട് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

'തുടരും' പോസ്റ്റർ
മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘തുടരും’. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പുത്തൻ പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. സിനിമയിലെ ആദ്യ ഗാനം പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ആരാധകരെ ആവേശത്തിലാക്കികൊണ്ട് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. തരുൺ മൂർത്തി ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
തരുൺ മൂർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ:
ചിത്രത്തിൻ്റെ ആദ്യ ഗാനം പുറത്ത് വിടുമെന്ന് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ‘കൺമണിപൂവെ’ എന്ന ചിത്രത്തിലെ ഫസ്റ്റ് സിംഗിൾ ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറാണ്. എവർഗ്രീൻ കോംബോയായ മോഹൻലാൽ എംജി കൂട്ടികെട്ടിലെ ഗാനം ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ നോക്കി കാണുന്നത്. ജേക്ക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ബികെ നാരായണനാണ്. തുടരും സിനിമയുടെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക്കാണ്.
ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ഇർഷാദ് അലി, തോമസ് മാത്യൂ, അർഷ ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്ന ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘തുടരും’ നിർമിക്കുന്നത് രജപുത്ര വിശ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്. അന്തരിച്ച നിഷാദ് യൂസഫും ഷെഫീക്ക് വിബിയും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം ഷാജി കുമാറാണ്.
ചിത്രം ജനുവരി 30ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ ആദ്യം അറിയിച്ചിരുന്നു എങ്കിലും ഒടിടി ബിസിനെസ് ഡീലുകൾ പൂർത്തിയാക്കാതെ വന്നതോടെ റിലീസ് നീണ്ട് പോകുകയായിരുന്നു. ഇതിന് പുറമെ മോഹൻലാലിൻ്റെ തന്നെ ബിഗ് ബജറ്റ് ചിത്രമായ ‘എമ്പുരാൻ’ മാർച്ചിൽ എത്തുന്നതോടെ ഫെബ്രുവരിയിൽ ‘തുടരും’ റിലീസ് ചെയ്യുന്നതിൽ നിന്ന് അണിയറപ്രവർത്തകർ പിൻവാങ്ങുകയും ചെയ്തു.
അടുത്തിടെ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നിർമാതാവ് ജി സുരേഷ് കുമാറാണ് ‘തുടരും’ റിലീസ് തീയതിയെ കുറിച്ച് സംസാരിച്ചത്. സിനിമയുടെ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയെടുത്ത ജിയോ സ്റ്റാർ, സ്റ്റാർ നെറ്റ്‌വർക്ക് എന്നിവയുമായിട്ടുള്ള ധാരണയിൽ ചിത്രത്തിൻ്റെ റിലീസ് മെയിലാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സുരേഷ് കുമാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. സുരേഷ് കുമാറിന്റെ വാദം ചിത്രത്തിന്റെ അണിയറപ്രവർത്തകർ തള്ളുകയും ചെയ്തിട്ടില്ല.