Moonwalk Movie: ആദ്യ ആഴ്ച 140 തീയറ്ററുകൾ, രണ്ടാമത്തെ ആഴ്ച 12 എണ്ണം; ‘മൂൺവാക്ക്’ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
Lijo Jose Pellissery On Moonwalk Movie: താൻ നിർമ്മിച്ച മൂൺവാക്ക് എന്ന സിനിമയുടെ തീയറ്റർ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിജോ ജോസിൻ്റെ പ്രതികരണം.

മൂൺവാക്ക് സിനിമയുടെ തീയറ്റർ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് സിനിമയുടെ നിർമ്മാതാവായ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ റിലീസായ ആദ്യ ആഴ്ച 140 തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചു എന്നും രണ്ടാമത്തെ ആഴ്ച അത് 12 തീയറ്ററുകളിലേക്ക് ചുരുങ്ങി എന്നും ലിജോ ജോസ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. യുവതാരങ്ങളെ അണിനിരത്തി വിനോദ് എകെ സംവിധാനം ചെയ്ത മൂൺവാക്കിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
‘മലയാള സിനിമയിലെ ഏറ്റവും മുന്തിയ നിർമ്മാതാവും വിതരണക്കാരനും തിയേറ്റർ മുതലാളിയും കൂടി മുന്നിൽ നിന്ന് നയിച്ച “മൂൺവാക്ക്” എന്ന ചലച്ചിത്രത്തിന്റെ മഹത്തായ രണ്ടാം വാരാഘോഷം. മലയാളം ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ. സബാഷ്.’- എന്നാണ് ആക്ഷേപഹാസ്യ രൂപേണ ലിജോ ജോസ് കുറിച്ചത്.




വിനോദ് എകെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ സിനിമയാണ് മൂൺവാക്ക്. ലിജോ ജോസ് പെല്ലിശ്ശേരി, ലിസ്റ്റിൻ സ്റ്റീഫൻ, ജസ്നി അഹ്മദ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അൻസാർ ഷാ ആണ്. ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം. മൈക്കൽ ജാക്ക്സണിൻ്റെ നൃത്തശൈലിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു സംഘം സുഹൃത്തുക്കൾ ഈ ശൈലി പിന്തുടരാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
മോഹൻലാലിനെ നായകനാക്കി മൈലൈക്കോട്ടൈ വാലിബൻ എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി അവസാനം സംവിധാനം ചെയ്തത്. ശ്രീജിത് ബാബുവിൻ്റെ പ്രഥമ സംവിധാന സംരംഭമായ പൈങ്കിളി എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. തങ്കു എന്നായിരുന്നു ലിജോ ജോസിൻ്റെ കഥാപാത്രത്തിൻ്റെ പേര്.