Nishadh Yusuf: എഡിറ്റര്‍ നിഷാദ് യൂസഫ് അന്തരിച്ചു
Editor Nishadh Yusuf Death: തല്ലുമാല എന്ന ചിത്രം എഡിറ്റ് ചെയ്തതിന് ഏറ്റവും മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നിഷാദ് സ്വന്തമാക്കിയിട്ടുണ്ട്.

നിഷാദ് യൂസഫ് (Image Credits: Instagram)
സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് (Nishadh Yusuf) അന്തരിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ച രണ്ട് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഹരിപ്പാട് സ്വദേശിയാണ് നിഷാദ്.
അഡിയോസ് അമിഗോ, ആലപ്പുഴ ജിംഖാന, കങ്കുവാ, എക്‌സിറ്റ്, ചാവേര്‍, ആളങ്കം, രാമചന്ദ്ര ബോസ് ആന്‍ഡ് കോ, യമഹ, സൗദി വെള്ളക്ക, തല്ലുമാല, ഉടല്‍, ആയിരത്തൊന്ന് നുണകള്‍, ഗ്രാന്‍ഡ്മാ, വണ്‍, ഓപ്പറേഷന്‍ ജാവ, ഉണ്ട, ഡ്രാക്കുള, രഘുവിന്റെ സ്വന്തം റസിയ, ബസൂക്ക തുടങ്ങിയ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തത് നിഷാദ് ആണ്.
തല്ലുമാല എന്ന ചിത്രം എഡിറ്റ് ചെയ്തതിന് ഏറ്റവും മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നിഷാദ് സ്വന്തമാക്കിയിട്ടുണ്ട്.
നിര്‍മാതാവ് എന്‍ എം ബാദുഷ, നടി മാല പാര്‍വതി എന്നിവര്‍ നിഷാദിന്റെ മരണ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വെച്ചിട്ടുണ്ട്. എഡിറ്റര്‍ നിഷാദിന് വിട എന്നാണ് മരണ വിവരം പങ്കുവെച്ചുകൊണ്ട് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചത്.
ബാദുഷയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മാല പാര്‍വതിയുടെ പ്രതികരണം. നിഷാദിന്റെ മരണ വാര്‍ത്ത തന്നില്‍ ഞെട്ടലുണ്ടാക്കിയെന്നും ഒരു മികച്ച കലാകാരനാണ് നിഷാദ് എന്നുമാണ് മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.