AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sangeeth prathap: ’20 സെക്കന്‍ഡ് ലാലേട്ടന്‍ എന്നെ തലോടി അവിടെ നിന്നു, കണ്ണു നിറഞ്ഞുപോയി’

Sangeeth prathap about Mohanlal: ഷൂട്ടിങ് ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 9.30 വരെ കേട്ടിരുന്നത് മോഹന്‍ലാലിന്റെ കഥകളാണ്. ലഞ്ച് ബ്രേക്കിന് സത്യന്‍ അന്തിക്കാടും, സിദ്ദിക്കും വന്ന് പഴയ കഥകള്‍ പറയും. അത്തരം അനുഭവങ്ങള്‍ ഇനി കിട്ടില്ലെന്നും സംഗീത് പ്രതാപ്‌

Sangeeth prathap: ’20 സെക്കന്‍ഡ് ലാലേട്ടന്‍ എന്നെ തലോടി അവിടെ നിന്നു, കണ്ണു നിറഞ്ഞുപോയി’
സംഗീത് പ്രതാപ്, മോഹന്‍ലാല്‍ Image Credit source: instagram.com/sangeeth.prathap
Jayadevan AM
Jayadevan AM | Published: 23 Aug 2025 | 03:58 PM

ഹൃദയപൂര്‍വം സിനിമയുടെ ഷൂട്ടിങിനിടെ മോഹന്‍ലാലുമായുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് സംഗീത് പ്രതാപ്. മോഹന്‍ലാല്‍ വളരെ സ്‌നേഹത്തോടെയാണ് തന്നോട് പെരുമാറിയതെന്ന് സംഗീത് പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഇത്രയും കാര്യമായി മോഹന്‍ലാല്‍ വേറൊരാളെ നോക്കുന്നത് കണ്ടിട്ടില്ലെന്ന് ഹൃദയപൂര്‍വം സിനിമയുടെ സംവിധായകനായ സത്യന്‍ അന്തിക്കാട് പറയുമായിരുന്നുവെന്നും സംഗീത് പ്രതാപ് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത് മനസ് തുറന്നത്.

”ഒരു ദിവസം ഷൂട്ടിങിനിടെ എനിക്ക് പനി വന്നു. ഡോക്ടര്‍ വന്നപ്പോള്‍ ഇന്‍ഞ്ചക്ഷന്‍ ചെയ്യാന്‍ ലാലേട്ടന്റെ മുറിയിലാണ് സൗകര്യം ഒരുക്കിയത്. ഇന്‍ഞ്ചക്ഷന്റെ സഡേഷനില്‍ അവിടെ റെസ്റ്റ് ചെയ്തു. അപ്പോഴേക്കും ലാലേട്ടന്‍ വന്നു. പനി എങ്ങനെയുണ്ടെന്നും, ഏതൊക്കെ മരുന്നാണ് കൊടുത്തതെന്നും അദ്ദേഹം ഡോക്ടറോട് ചോദിച്ചു. എടാ എങ്ങനെയുണ്ട് എന്ന് അദ്ദേഹം എന്നോട്‌ ചോദിച്ചു. കുഴപ്പമില്ല ലാലേട്ടാ, ഞാന്‍ എഴുന്നേല്‍ക്കാം എന്ന് പറഞ്ഞപ്പോള്‍ അവിടെ കിടക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. 20 സെക്കന്‍ഡ് എന്നെ തലോടി അദ്ദേഹം അവിടെ നിന്നു. എന്റെ കണ്ണു നിറഞ്ഞു. അച്ഛനും അമ്മയും കഴിഞ്ഞാല്‍ ഏറെ പ്രിയപ്പെട്ടയാളാണ് മോഹന്‍ലാല്‍”-സംഗീത് പ്രതാപ് പറഞ്ഞു.

ഒരു ദിവസവും ഷൂട്ടിങിനിടയില്‍ വിശക്കുന്നുണ്ടെന്ന് ലാലേട്ടനോട് പറഞ്ഞു. മോനെ എനിക്കും വിശക്കുന്നുണ്ട് എന്ന് അദ്ദേഹവും പറഞ്ഞു. വൈകുന്നേരം ആറു മണിയായപ്പോഴേക്കും പാക്കപ്പായി. താന്‍ പോകാന്‍ തുടങ്ങിയപ്പോഴേക്കും ലാലേട്ടന്‍ വിളിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പറഞ്ഞു. അവിടെ ചെന്നപ്പോള്‍ കള്ളപ്പവും, മീന്‍കറിയും ഉണ്ടായിരുന്നു. കുമളിയിലായിരുന്നു ഷൂട്ടിങ്. ഭക്ഷണം എവിടെ നിന്നാണ് എത്തിയതെന്ന് അറിയില്ല. അദ്ദേഹം എവിടെ നിന്നോ വരുത്തിക്കുകയായിരുന്നു. ‘നീ കഴിക്ക്, വിശന്ന് പോകരുതെ’ന്ന് അദ്ദേഹം പറഞ്ഞു. ലാലേട്ടന്‍ ഭക്ഷണം വിളമ്പി തന്നു. അത് കഴിച്ചിട്ടാണ് അവിടെ നിന്ന് പോയതെന്നും സംഗീത് വ്യക്തമാക്കി.

Also Read: Mohanlal: ‘ആ സീനില്‍ അഭിനയിച്ചവരില്‍ ഇന്ന് ഞാന്‍ മാത്രമേയുള്ളൂ, കാണുമ്പോള്‍ സങ്കടം വരും’

ഷൂട്ടിങ് ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 9.30 വരെ കേട്ടിരുന്നത് ലാലേട്ടന്റെ കഥകളാണ്. ലഞ്ച് ബ്രേക്കിന് സത്യന്‍ സാറും, സിദ്ദിക്ക് ഇക്കയും വന്ന് പഴയ കഥകള്‍ പറയും. അത്തരം അനുഭവങ്ങള്‍ ഇനി കിട്ടില്ല. 45 ദിവസത്തില്‍ മുന്നൂറോളം കഥകളെങ്കിലും കേട്ടിട്ടുണ്ട്. അത് ഭയങ്കര രസമായിരുന്നുവെന്നും താരം വ്യക്തമാക്കി.

താനും മോഹന്‍ലാലുമായുള്ള കോമ്പിനേഷന്‍ പഴയ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പിനേഷന്‍ പോലെ തോന്നുമെന്ന സത്യന്‍ അന്തിക്കാടിന്റെ പരാമര്‍ശത്തെക്കുറിച്ചും സംഗീത് പ്രതാപ് സംസാരിച്ചു. വേറെയാരെങ്കിലുമാണ് അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെങ്കില്‍ അങ്ങനെ ചെയ്യരുതെന്ന് പറയുമായിരുന്നു. പക്ഷേ, ലെജന്‍ഡായ സത്യന്‍ സാര്‍ പറയുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. വായിക്കുമ്പോള്‍ കണ്ണുനിറയുന്ന ഒരു നിമിഷം കുറേ നാള്‍ക്കു ശേഷമാണ് ഉണ്ടാകുന്നതെന്നും സംഗീത് പ്രതാപ് കൂട്ടിച്ചേര്‍ത്തു.