Sandeep Pradeep: ‘പതിനെട്ടാം പടി’ ചവിട്ടി സിനിമയുടെ ‘പടക്കള’ത്തിലേക്ക്; മോളിവുഡിൽ ചുവടുറപ്പിച്ച് സന്ദീപ് പ്രദീപ്
Padakkalam Star Sandeep Pradeep: മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാം പടിയിലൂടെയാണ് സന്ദീപ് മലയാള സിനിമയിൽ എത്തിയത്. എന്നാൽ, ഫാലിമിയില്‍ ബേസില്‍ ജോസഫിന്റെ അനുജനായി എത്തിയതോടെയാണ് സന്ദീപ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ക്യാമ്പസ് പശ്ചാത്തലത്തിൽ നവാഗതനായ മനു സ്വരാജ് ഒരുക്കിയ ചിത്രമാണ് പടക്കളം. മെയ് 8ന് തിയറ്ററുകളിൽ എത്തിയ ചിത്രം കുറച്ച് ദിവസം മുമ്പ് ഒടിടിയിൽ എത്തിയിരുന്നു. എന്നാൽ ഒടിടി റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് ഒരു യുവതാരമാണ്, ചുരുങ്ങിയ എണ്ണം സിനിമകളിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ സന്ദീപ് പ്രദീപ് ആണത്.
മോളിവുഡിലെ പുത്തൻ താരോദയമായി സന്ദീപ് പ്രദീപ് മാറിക്കഴിഞ്ഞു. മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാം പടിയിലൂടെയാണ് സന്ദീപ് മലയാള സിനിമയിൽ എത്തിയത്. തുടർന്ന് അന്താക്ഷരി എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാൽ, ഫാലിമിയില്‍ ബേസില്‍ ജോസഫിന്റെ അനുജനായി എത്തിയതോടെയാണ് സന്ദീപ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ഫാലിമിക്ക് ശേഷം ആലപ്പുഴ ജിംഖാനയില്‍ നസ്‍ലെനൊപ്പം പ്രാധാന്യമുള്ള റോളിലാണ് സന്ദീപ് എത്തിയത്. ഏറ്റവുമൊടുവില്‍ പടക്കളം എന്ന കേന്ദ്ര കഥാപാത്രങ്ങളിലൊരാളായെത്തി മോളിവുഡിൽ തന്റെ ചുവടുറപ്പിച്ചു. സുരാജ് വെഞ്ഞാറമൂടിനും ഷറഫുദ്ദീനുമൊപ്പം അതേ പ്രാധാന്യമുള്ള റോള്‍ ആണ് സന്ദീപിനും ലഭിച്ചത്.
കിട്ടിയ റോൾ നൂറ് ശതമാനം മികച്ചതാക്കാൻ സന്ദീപിന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ. സോഷ്യൽ മീഡിയ നിറയെ സന്ദീപിനെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളാണ്. അടുത്ത ഹീറോ മെറ്റീരിയല്‍ എന്നാണ് സന്ദീപിന് ലഭിക്കുന്ന വിശേഷണം. സെക്കന്റ് ഹാഫിൽ ചെക്കന്റെ അഴിഞ്ഞാട്ടമാണെന്നും ശരിയായ അവസരങ്ങള്‍ ലഭിക്കുമെങ്കില്‍ നായക നിരയിലേക്ക് ഉയരുമെന്നും ഒക്കെയാണ് കമന്റുകൾ