തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രം; നായകന്മാരായി നസ്ലെനും ലുക്മാനും ഗണപതിയും
സ്പോർട്സ് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമാകും അണിയറിൽ ഒരുങ്ങുകയെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ നെസ്ലെൻ അറിയിച്ചിരുന്നു

സൂപ്പർ ഹിറ്റ് ചിത്രം തല്ലുമാലയ്ക്ക് ശേഷം സംവിധായകൻ ഖാലിദ് റഹ്മാൻ ഒരുക്കിയ പുതിയ ചിത്രം പ്രഖ്യാപിച്ചു. പേരിടാത്ത സിനിമയിൽ നസ്ലെൻ, ലുക്മാൻ, ഗണപതി. അനഘ രവി എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുക. സ്പോർട്സ് കോമഡി ഴോൺറെ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് അണിയറിൽ ഒരുങ്ങുന്നതെന്ന് നസ്ലെൻ നേരത്തെ ഒരു അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും
പ്ലാൻ ബി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ സംവിധയകൻ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ഒരുക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സ്പോർട്സ് കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ട് ചിത്രത്തിനായി നസ്ലെനും ലുക്മാനും ഗണപതിയും ശാരീരികമായി പ്രത്യേക തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
നസ്ലെനും ഗണപതിക്കും ലുക്മാനും പുറമെ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തല്ലുമാലയുടെ ക്യാമറ കൈകാര്യം ചെയ്ത ജിംഷി ഖാലിദ് തന്നെയാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഖാലിദ് റഹ്മാൻ തന്നെയാണ്. രതീഷ് രവിയുടേത് സംഭാഷണങ്ങൾ.
തല്ലുമാല, പ്രേമലു എന്നീ സിനിമകൾക്ക് സംഗീതം നൽകിയ വിഷ്ണു വിജയ് തന്നെയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.മൂരി ഗാനങ്ങൾക്ക് വരി എഴുതും. നിഷാദ് യൂസഫാണ് എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക