Rashmika Mandanna Remuneration: തെന്നിന്ത്യയിലെ നിറസാന്നിധ്യം, കൈനിറയെ ചിത്രങ്ങൾ; എന്നിട്ടും രശ്‌മിക മന്ദന പ്രതിഫലം കുറച്ചു; കാരണമെന്ത്?
Rashmika Mandanna Slashes Her Remuneration: സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായെത്തിയ 'പുഷ്പ 2'വിന് വേണ്ടി റെക്കോഡ് പ്രതിഫലമായിരുന്നു രശ്‌മിക വാങ്ങിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
ചുരുക്കം സിനിമകളിലൂടെ തെന്നിന്ത്യയിലെ മുൻനിര നായികമാരിലൊരാളായി മാറിയ താരമാണ് രശ്‌മിക മന്ദന. ‘നാഷണൽ ക്രഷ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം രൺബീർ കപൂർ നായകനായ ‘അനിമൽ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള നടികളിൽ ഒരാളാണ് രശ്‌മിക എന്നതിൽ സംശയമില്ല. ധനുഷിനെ നായകനാക്കി ശേഖർ കമ്മുല സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘കുബേര’യിലും നായികയെത്തുന്നത് രശ്‌മിക മന്ദനയാണ്.
തുടരെത്തുടരെ ഹിറ്റ് സിനിമകളും, ഒന്നിലധികം സിനിമ ഇൻഡസ്ട്രികളിലെ സാന്നിധ്യവുമെല്ലാം കൊണ്ടു ഒരു പാൻ-ഇന്ത്യൻ ഐക്കണായി മാറിയിരിക്കുകയാണ് രശ്‌മിക. അതുകൊണ്ട് തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാൾ കൂടിയാണ് നടി. സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ 2’വിന് വേണ്ടി റെക്കോഡ് പ്രതിഫലമായിരുന്നു രശ്‌മിക വാങ്ങിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
അതിനാൽ, ഇതിന് ശേഷം ചെയ്യുന്ന പ്രോജക്ടുകൾക്ക് സ്വാഭാവികമായും രശ്‌മിക മന്ദന പ്രതിഫലം ഉയർത്തേണ്ടതാണ്. അല്ലെങ്കിൽ, ഇതേ പ്രതിഫലം നിലനിർത്തേണ്ടതായിരുന്നു. എന്നാൽ, താരം സമീപകാലത്തായി വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ അത്ഭുതപ്പെടും. 2024 ഡിസംബർ 5ന് തീയേറ്ററുകളിൽ എത്തിയ ‘പുഷ്പ 2’ എന്ന സിനിമയ്ക്കായി താരം 10 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് വിവരം. എന്നാൽ, ഈ സിനിമയ്ക്ക് ശേഷം ചെയ്ത മൂന്ന് ചിത്രങ്ങൾക്കും താരം ഗണ്യമായി പ്രതിഫലം കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ.
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത് 2025 ഫെബ്രുവരി 14ന് റിലീസായ ‘ഛാവ’യ്ക്ക് 4 കോടി രൂപയായിരുന്നു രശ്മികയുടെ പ്രതിഫലം. എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ അമീർ ഖാൻ നായകനെത്തിയ ‘സിക്കന്ദർ’ സിനിമയ്ക്ക് അഞ്ച് കോടി രൂപയായിരുന്നു പ്രതിഫലം. ചിത്രം മാർച്ച് 30നാണ് റിലീസ് ചെയ്തത്. അതുപോലെ, തന്നെ കഴിഞ്ഞ ദിവസം റിലീസായ ‘കുബേര’യ്ക്കും രശ്‌മിക വാങ്ങിയത് നാല് കോടിയാണെന്നാണ് വിവരം. ‘പുഷപ 2’വിന് വാങ്ങിയതിൽ നിന്ന് പകുതിയിലും കുറവ് പ്രതിഫലമാണ് രശ്‌മിക ഈ ചിത്രങ്ങൾക്ക് വാങ്ങിയിരിക്കുന്നത്. സിയാസാറ്റിനെ ഉദ്ദരിച്ച് പിങ്ക്‌വില്ലയാണ് ഇക്കാര്യം റിപ്പേർട്ട് ചെയ്തത്.
ALSO READ: ബ്രാൻഡുകളോട് താത്പര്യമില്ലെന്ന് നാഗ ചൈതന്യ; ധരിക്കുന്നത് 41 ലക്ഷത്തിന്റെ വാച്ച്; ട്രോളുകൾ നിറയുന്നു
രശ്‌മികയുടെ പ്രതിഫലത്തിൽ ഉണ്ടായിരിക്കുന്ന ഈ അപ്രതീക്ഷിത ഇടിവ് സോഷ്യൽ മീഡിയയിലും ചർച്ചയാവുകയാണ്. സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന, ഇത്രയേറെ ജനപ്രീതിയുള്ള നായികയുടെ പ്രതിഫലത്തിൽ ഉണ്ടായ ഈ പെട്ടെന്നുള്ള മാറ്റം ആരാധകരെ ആകെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഇത് കുറച്ചു കാലത്തേക്കാണെന്നും ഏറെ നാളുകൾ ഈ രീതി രശ്‌മിക തുടരാൻ സാധ്യതയില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, പ്രതിഫലം കുറഞ്ഞെങ്കിലും താരത്തെ തേടി നിരവധി പ്രോജക്ടുകളാണ് എത്തുന്നത്. ‘തമ’, ‘ദി ഗേൾഫ്രണ്ട്’ എന്നീ രണ്ട് വലിയ പ്രോജക്ടുകൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.