Saju Navodaya : ‘ഇന്നലെ സന്ധ്യയോടുകൂടിയാണ് അമ്മ എന്നെ പ്രസവിച്ചത് എന്ന് അയാളോട് പറയേണ്ടി വന്നു’
Saju Navodaya on missed opportunities: ഒരു പടത്തിനായി 35 ദിവസത്തോളം ഡേറ്റ് ബ്ലോക്ക് ചെയ്തു. മുഴുനീള വേഷമായിരുന്നു. ആ ഡേറ്റില്‍ വേറെ പടം വന്നിട്ടും ഈ സിനിമയ്ക്കായി അതു വിട്ടു. എന്നിട്ടും ഈ സിനിമയിലേക്ക് വിളിച്ചില്ല. പിന്നീട് ഷൂട്ടിങ് തുടങ്ങിയ കാര്യം അറിഞ്ഞിരുന്നു. 'നിങ്ങളെ ഒന്നും വിളിച്ചാല്‍ കിട്ടില്ലല്ലോ' എന്നാണ് റൈറ്റര്‍ പറഞ്ഞത്
കോമഡി ഷോകളിലൂടെ സിനിമയിലെത്തിയ താരമാണ് സാജു നവോദയ. പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമാരംഗത്തുള്ള അദ്ദേഹം ഹാസ്യകഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി. അമര്‍ അക്ബര്‍ അന്തോണി, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചില സിനിമകളില്‍ ഡേറ്റ് നല്‍കിയതിന് ശേഷം അവസരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാജു നവോദയ ഇക്കാര്യം പറഞ്ഞത്.
”ഒരു പടത്തിനായി 35 ദിവസത്തോളം ഡേറ്റ് ബ്ലോക്ക് ചെയ്തു. മുഴുനീള വേഷമായിരുന്നു. ആ ഡേറ്റില്‍ വേറെ പടം വന്നിട്ടും ഈ സിനിമയ്ക്കായി അതു വിട്ടു. എന്നിട്ടും ഈ സിനിമയിലേക്ക് വിളിച്ചില്ല. പിന്നീട് ഷൂട്ടിങ് തുടങ്ങിയ കാര്യം അറിഞ്ഞിരുന്നു. ‘നിങ്ങളെ ഒന്നും വിളിച്ചാല്‍ കിട്ടില്ലല്ലോ’ എന്നാണ് എല്ലാം കഴിഞ്ഞിട്ട് ഒരു ദിവസം റൈറ്റര്‍ എന്നോട് പറഞ്ഞത്. ഇന്നലെ സന്ധ്യയോടുകൂടിയാണ് അമ്മ എന്നെ പ്രസവിച്ചത് എന്നും, അതുകൊണ്ടാണ് കിട്ടാത്തതെന്നും അയാളോട് പറയേണ്ടി വന്നു”-സാജു പറഞ്ഞു.
ആ പടം വിജയിച്ചില്ല. ഇതുപോലെ തന്നെ മറ്റൊരു പടത്തിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. വേറെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കരുതെന്നും പറഞ്ഞു. പിന്നെ ഫോണ്‍ വിളിച്ചിട്ടും അയാള്‍ എടുത്തില്ല. ഫോണ്‍ എടുത്തിട്ട് ക്യാരക്ടറില്‍ മാറ്റമുണ്ടെന്ന് പറഞ്ഞാല്‍ അത് മനസിലാക്കാം. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്ന അന്ന് വരെ വിളിച്ചിട്ട് അയാള്‍ എടുത്തില്ലെന്നും സാജു വ്യക്തമാക്കി.




അവസാനം പടം റിലീസായി. വന്‍ പരാജയമായിരുന്നു അത്. അപ്പോള്‍ ‘പടം കണ്ടു, ഗുഡ് മൂവി’ എന്നും പറഞ്ഞ് താന്‍ മെസേജ് അയച്ചു. അപ്പോള്‍ ‘താങ്ക്‌സ്’ എന്ന് പറഞ്ഞ് അയാള്‍ മറുപടി നല്‍കി. ഇത്രയും നാള്‍ മെസേജ് അയച്ചിട്ട് മറുപടി തരാത്തയാളാണ്. ആ സിനിമ പരാജയപ്പെട്ടതുകൊണ്ട് സന്തോഷിക്കുന്നില്ല. ഈ വ്യക്തി മാത്രമല്ലല്ലോ സിനിമ. സിനിമ കുറേ പേരുടെ ജീവിതമാര്‍ഗമാണ്. ഒരിക്കലും പടം പൊട്ടിയെന്നു പറഞ്ഞ് സന്തോഷിക്കില്ല. അത് വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും താരം വ്യക്തമാക്കി.