Sandra Thomas: സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; ഹർജി തള്ളി കോടതി
Court Dismisses Sandra Thomas Petition: നോമിനേഷൻ തള്ളിയതിനെതിരെ സാന്ദ്ര നൽകിയ ഹർജി കോടതി വീണ്ടും പരിഗണിക്കും. ഇതിൽ വിശദമായ വാദം കേൾക്കുമെങ്കിലും സമയം എടുക്കും. അതിനാൽ, നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ സാന്ദ്രയ്ക്ക് മത്സരിക്കാൻ കഴിയില്ല.

സാന്ദ്ര തോമസ്
നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വരണാധികാരിയെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് എറണാകുളം സബ് കോടതി തള്ളിയത്. എന്നാൽ, നോമിനേഷൻ തള്ളിയതിനെതിരെ സാന്ദ്ര നൽകിയ ഹർജി കോടതി വീണ്ടും പരിഗണിക്കും. ഇതിൽ വിശദമായ വാദം കേൾക്കുമെങ്കിലും സമയം എടുക്കും. അതിനാൽ, നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ സാന്ദ്രയ്ക്ക് മത്സരിക്കാൻ കഴിയില്ല.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സാന്ദ്ര തോമസ് രംഗത്തെത്തി. കോടതിയുടെ തീരുമാനം തിരിച്ചടിയല്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് താൻ മത്സരിക്കുമെന്നും സാന്ദ്ര പ്രതികരിച്ചു. കോടതി ഹർജി തള്ളിയതോടെ, സാന്ദ്ര ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞുവെന്ന് നിര്‍മ്മാതാവ് ബി രാകേഷ് പറഞ്ഞു. സംഘടനയുടെ നിയമാവലി പ്രകാരമാണ് തങ്ങള്‍ മുന്നോട്ട് പോയതെന്നാണ് നിർമ്മാതാവ് ജി സുരേഷ് കുമാർ പ്രതികരിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ഇനി കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര പറയുമോ എന്നും ലിസ്റ്റിൻ പരിഹസിച്ചു.
സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങൾ മാത്രമേ നിർമ്മിച്ചിട്ടുള്ളുവെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയത്. ‘ലിറ്റിൽ ഹാർട്സ്’, ‘നല്ല നിലാവുള്ള രാത്രി’ എന്നിവയാണ് സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് നിർമിച്ചിട്ടുള്ള ചിത്രങ്ങൾ. എന്നാൽ, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിൽ മാനേജിംഗ് പാര്‍ട്നര്‍ ആയിരുന്ന സമയത്ത് ആ ബാനറിൽ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്ന് സാന്ദ്ര വാദിച്ചിരുന്നു.
മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരിക്കാൻ യോഗ്യതയുണ്ടെന്നും തന്റെ പേരിൽ ഒന്‍പത് സിനിമകള്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് വാദിച്ചിരുന്നു. എങ്കിലും, പത്രിക തള്ളുകയായിരുന്നു. എന്നാൽ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് സാന്ദ്രയ്ക്ക് തടസമില്ല.