Shine Tom Chacko Car Accident: വാഹനമോടിച്ചത് സുഹൃത്ത്; അപകടം നടന്നത് ലഹരി വിമുക്ത കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ
Shine Tom Chacko Car Driven By Friend: ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിച്ചത് സുഹൃത്തെന്ന് റിപ്പോർട്ട്. ലഹരി വിമുക്ത കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത് ബെംഗളൂരുവിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ എന്ന് റിപ്പോർട്ട്. ഷൈൻ ടോം ചാക്കോയുടെ സുഹൃത്തും സഹായിയുമായ വ്യക്തി ഓടിച്ചിരുന്ന കാർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മീഡിയ വൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്ന് പുലർച്ചെ പാലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച്, സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടം. കർണാടക രജിസ്ട്രേഷൻ ലോറിയുടെ പിന്നിലാണ് ഷൈനും കുടുംബവും സഞ്ചരിച്ച കാർ ഇടിച്ചത്. ഇടിയിൽ കാർ തകർന്നു. ഷൈൻ ടോം ചാക്കോയും അമ്മയും അച്ഛനും സഹായിയുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന് ശേഷം ആശുപത്രിയിലേക്കുള്ള കൊണ്ടുപോകുന്നതിനിടെയാണ് ഷൈൻ്റെ പിതാവ് ചാക്കോ മരണപ്പെട്ടത്. അപകടത്തിൽ ഷൈൻ്റെ കൈക്ക് പരിക്കേറ്റു. മാതാവിനും പരിക്കേറ്റു. ഇവർക്ക് കൈയ്ക്കും ഇടുപ്പിനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനമോടിച്ചത് ഷൈൻ ടോം ചാക്കോയുടെ സുഹൃത്താണെന്നാണ് വിവരം. നാട്ടിലേക്ക് തിരികെ വരുന്നത് എപ്പോഴാണെന്ന വിവരങ്ങളടക്കം ലഭ്യമാവാനുണ്ട്. അപകടകാരണം വ്യക്തമല്ല.
തൊടുപുഴയിലും മറ്റും ചില ലഹരിവിമുക്ത കേന്ദ്രങ്ങളിൽ ഷൈൻ ചികിത്സ തേടിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ബെംഗളൂരുവിലെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി ഇവർ പോയത്. കൊച്ചിയിൽ നിന്ന് രാത്രിയിലാണ് സംഘം യാത്ര ആരംഭിച്ചത്.




Also Read: Shine Tom Chacko’s Father: ഷൈനിന് താങ്ങായ പിതാവ്; മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോ
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ച് നടൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരായ പോലീസ് നടപടികൾക്ക് തുടക്കം കുറിച്ചത്. സെറ്റിൽ വച്ച് വെള്ളപ്പൊടി തുപ്പുന്നത് താൻ കണ്ടു എന്ന വിൻസിയുടെ ആരോപണത്തിൽ ഷൈനെതിരെ കേസെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരി ഉപയോഗം സമ്മതിച്ച ഷൈൻ താൻ ഇതിൽ നിന്ന് രക്ഷപ്പെടാൻ ചികിത്സ തേടുകയാണെന്നും അറിയിച്ചു.