Shine Tom Chacko: ‘ആ വിഷ്വല്‍ മനസില്‍ നിന്നൊരിക്കലും മായില്ല’; പിതാവിനെ കുറിച്ച് അന്ന് ഷൈന്‍ പറഞ്ഞത്
Shine Tom Chacko About His Father: 2015 ൽ തന്റെ പേരിൽ കൊക്കെയിൻ കേസിൽ പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് വന്നു. അന്ന് സ്റ്റേഷനു താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വൽ താൻ കണ്ടുവെന്നും ഡാഡിയെ അതിന് മുമ്പ് കരഞ്ഞ് കണ്ടിരുന്നില്ലെന്നും ഷെെൻ ടോം ചാക്കോ അന്ന് പറഞ്ഞു.

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് സിപി ചാക്കോ മരിച്ചത് വലിയ വാർത്തയായിരുന്നു. ഇന്ന് പുലർച്ചെ ആറിന് സേലം-ബംഗ്ളൂരു ദേശീയ പാതയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അമ്മയ്ക്കും ഷൈനിനും പരിക്കേല്‍ക്കുകയും ചെയ്തു. ഷൈനിന്റെ ചികിത്സാർത്ഥം ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
നടൻ ഷെെനിന്റെ ജീവിതത്തിൽ ഏറ്റവും വലിയ ബലമായിരുന്നു പിതാവ് സിപി ചാക്കോ. നടൻ വലിയ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും മകനൊപ്പം ഉറച്ച് നിന്നയാളാണ് അദ്ദേഹം. മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോ മകന്റെ ദുശ്ശീലങ്ങള്‍ മാറ്റി പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. ഡാഡി ആണെങ്കിലും താൻ ഷൈനിന്റെ മാനേജർ ആണെന്ന് അടുത്തിടെ അഭിമാനത്തോടെ ചാക്കോ പറഞ്ഞതും പ്രേക്ഷക മനസിൽ ഇന്നും മായാതെ കിടക്കുന്നു.
സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിരന്തരം വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നപ്പോഴും ഇദ്ദേഹം മകനെ തള്ളിപ്പറഞ്ഞില്ല. എന്നാൽ ഇതിനിടെയിൽ നടൻ നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. വൺ 2 ടോക്സ് എന്ന മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. 2015 ൽ തനിക്കെതിരെ കൊക്കെയിൻ കേസ് വന്നപ്പോൾ അച്ഛൻ ഏറെ വിഷമിച്ചിരുന്നെന്നാണ് ഷൈൻ പറഞ്ഞത്.
Also Read:ഷൈനിന് താങ്ങായ പിതാവ്; മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോ
തന്റെ ദുശ്ശീലങ്ങള്‍ കുടുംബത്തെ ഒന്നാകെ ബാധിച്ചുവെന്നും അതില്‍നിന്ന് പുറത്തുകടയ്ക്കാനുള്ള ശ്രമത്തിലാണെന്നും അന്ന് ഷൈന്‍ തുറന്നുപറഞ്ഞിരുന്നു. ഒരാളുടെ ജീവിതം പൂര്‍ണമാവുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണെന്നും അതിനാല്‍ ഇനിയുള്ള കാലം അച്ഛന്റേയും അമ്മയുടേയും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്നും ഷൈന്‍ പറഞ്ഞിരുന്നു.
2015 ൽ തന്റെ പേരിൽ കൊക്കെയിൻ കേസിൽ പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് വന്നു. അന്ന് സ്റ്റേഷനു താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വൽ താൻ കണ്ടുവെന്നും ഡാഡിയെ അതിന് മുമ്പ് കരഞ്ഞ് കണ്ടിരുന്നില്ലെന്നും ഷെെൻ ടോം ചാക്കോ അന്ന് പറഞ്ഞു. ഇത് ഒരിക്കലും താൻ മറക്കില്ലെന്നും താരം പറഞ്ഞിരുന്നു. മാതാപിതാക്കളാണ് തന്നോട് ഏറ്റവും കൂടുതൽ തവണ ക്ഷമിച്ചതെന്നാണ് ഷെെൻ പറഞ്ഞത്.