Shine Tom Chacko: ‘പരമാവധി അതിജീവിക്കാന്‍ പറ്റുന്നുണ്ടെങ്കിലും മമ്മിയെ കാണുമ്പോള്‍ വീണ്ടും തകര്‍ന്നുപോകും’
Shine Tom Chacko opens up about life after the accident: ജീവിതം നമ്മള്‍ ജീവിച്ച് തീര്‍ക്കണം. നമ്മളും ഇവിടെ നിന്ന് പോകണം. മറ്റുള്ളവരെ വേദനിപ്പിക്കാന്‍ പാടില്ല. മരിച്ചവര്‍ വേദനിക്കുന്നുണ്ടോ സന്തോഷിക്കുന്നുണ്ടോ എന്ന് അറിയാന്‍ പറ്റില്ല. അവര്‍ പ്രപഞ്ചത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടാകുമെന്നാണ് പഠിപ്പിക്കുന്നതെന്നും ഷൈന്‍ ടോം ചാക്കോ
പരമാവധി അതിജീവിക്കാന്‍ പറ്റുന്നുണ്ടെങ്കിലും മമ്മിയെ കാണുമ്പോള്‍ വീണ്ടും തകര്‍ന്നുപോകുമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ തന്റെ പിതാവിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ചും, അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിച്ചത്. ‘മമ്മിയെയും അനിയനെയും അനിയത്തിമാരെയും കാണുമ്പോള്‍ വീണ്ടും ഡാഡിയെ ഓര്‍മ്മ വരും. എങ്ങനെയൊക്കെ എന്‍ഗേജ്ഡ് ആയി ഇരുന്നാലും ഡാഡിയെ ഓര്‍ക്കും. എവിടെയെങ്കിലുമൊക്കെ ഡാഡിയുണ്ടാകുമെന്ന് വിചാരിക്കാന്‍ അനിയത്തി പറയാറു’ണ്ടെന്നും ഷൈന്‍ വ്യക്തമാക്കി.
”വളരെ ചെറിയ പ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട പിള്ളേരെ കണ്ടിട്ടുണ്ട്. മരിക്കുകയാണെങ്കില്‍ ഞാനാദ്യം മരിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. മമ്മിയാണ് ആദ്യം പോകേണ്ടതെന്ന് മമ്മിയും പറയുമായിരുന്നു. ഇപ്പോള്‍ 42 വയസായി. ഇപ്പോഴും അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്. ചെറിയ പ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ എങ്ങനെയാണ് അത് അതിജീവിച്ചതെന്ന് ചിന്തിക്കാറുണ്ട്”- ഷൈനിന്റെ വാക്കുകള്‍.
നമ്മുടെ ജീവിതം നമ്മള്‍ ജീവിച്ച് തീര്‍ക്കണം. നമ്മളും ഇവിടെ നിന്ന് പോകണം. മറ്റുള്ളവരെ വേദനിപ്പിക്കാന്‍ പാടില്ല. മരിച്ചവര്‍ വേദനിക്കുന്നുണ്ടോ സന്തോഷിക്കുന്നുണ്ടോ എന്ന് അറിയാന്‍ പറ്റില്ല. അവര്‍ പ്രപഞ്ചത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടാകുമെന്നാണ് പഠിപ്പിക്കുന്നത്. അവര്‍ക്ക് ഈ ചെറിയ ഇമോഷന്‍സ് അവര്‍ പിന്നെ അറിയില്ല. അവര്‍ വലിയ ‘കോണ്‍ഷ്യസ്‌നെസി’ന്റെ ഭാഗമായി. അവിടെ മിഠായി കിട്ടാത്തതിന്റേയോ, മക്കള്‍ അനുസരിക്കാത്തതിന്റെയോ വേദനയില്ലെന്നും താരം അഭിപ്രായപ്പെട്ടു.




Read Also: Devan: ‘അന്ന് ഞാൻ മമ്മൂട്ടിയെ കണ്ടപ്പോൾ അവശനിലയിലായിരുന്നു അദ്ദേഹം’; ദേവൻ
ചുറ്റും ഇപ്പോഴും പ്രലോഭനങ്ങള്‍ ചുറ്റിക്കറങ്ങുന്നുണ്ട്. വീട്ടില്‍ നിന്ന് അകന്ന് പോകുന്തോറും അത് കൂടുതലായിട്ട് വരും. എത്ര എതിര്‍ക്കുന്നോ അത്ര ശക്തമായിട്ട് തിരിച്ചുവരും. അതിനെ എങ്ങനെ അതിജീവിക്കുമെന്ന ടെന്‍ഷനുണ്ട്. എന്നാലും കാണപ്പെടാത്ത സ്ഥലത്ത് ഇരുന്ന് ആരോ നിരീക്ഷിക്കുന്നുണ്ടെന്ന ചെറിയ തോന്നലുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.