Sibi Malayil: ‘മുത്താരംകുന്ന് പിഒ ചെയ്യാന്‍ ഊര്‍ജ്ജം തന്നത് ആ വാക്കുകള്‍; അത് വലിയ വിജയമായില്ല’
Sibi Malayil talks about Mutharamkunnu PO: ഒരു മനുഷ്യായുസിന്റെ ഏകദേശം പകുതിയില്‍ ഏറെക്കാലം ഇങ്ങനെ ഒരു രംഗത്ത് നില്‍ക്കാന്‍ കഴിയുന്നു. തന്റെ സിനിമകളുടെയും, പ്രൊഫഷന്റെയും സജീവമായ കാലഘട്ടം കടന്നുപോകാന്‍ കഴിഞ്ഞു. ഇത് അപൂര്‍വമായ ഭാഗ്യമാണെന്നും സിബി മലയില്‍
ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നില്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ചിരിയുടെ പെരുമഴ തീര്‍ത്ത ചിത്രമാണ് മുത്താരംകുന്ന് പിഒ. സിബി മലയില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. റിലീസ് ചെയ്തിട്ട് 40 വര്‍ഷമായെങ്കിലും മുത്താരംകുന്നിന് ഇന്നും ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളടക്കമുള്ള സിനിമകളുടെ സഹസംവിധായകനായി അതിന് മുമ്പ് പ്രവര്‍ത്തിച്ച സിബി മലയിലിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു മുത്താരംകുന്ന് പിഒ. മുത്താരംകുന്ന് പിഒ ചെയ്തതിനെക്കുറിച്ചും, സംവിധാനരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നു സംസാരിച്ചു.
നവോദയയില്‍ അഞ്ച് സിനിമകളാണ് അവരുടെ കൂടെ വര്‍ക്ക് ചെയ്തത്. അഞ്ചാമത്തെ സിനിമ കഴിഞ്ഞപ്പോഴാണ് അവരുടെ തന്നെ ഒരു പ്രൊഡക്ഷന്‍ അടുത്ത സിനിമ ചെയ്യാനുള്ള ഒരു ഓഫറുമായി മുമ്പിലേക്ക് വരുന്നത്. ആ സമയത്ത് മനസുകൊണ്ട് ശരിക്കും താന്‍ ഒരു സിനിമ ചെയ്യാന്‍ തയ്യാറായിരുന്നില്ല. എങ്കിലും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ട് ധൈര്യം സംഭരിച്ച് ഇറങ്ങുകയായിരുന്നു. അതിന് വേണ്ടി കണ്ടെത്തിയ കഥയാണ് പിന്നീട് ദേവദൂതനായത്. അന്ന് അത് സംഭവിച്ചില്ല. പിന്നീട് പ്രിയദര്‍ശന് ഒരു സിനിമ കിട്ടിയപ്പോള്‍ അതിന്റെ കൂട്ടത്തിലേക്ക് തന്നെ വിളിച്ചു. ആ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഈ (മുത്താരംകുന്ന് പിഒ) ഓഫറുമായിട്ട് പുതിയ ആള്‍ക്കാര്‍ വന്നതെന്ന് സിബി മലയില്‍ വ്യക്തമാക്കി.
”ഞാന്‍ അന്നുവരെ കണ്ടിട്ടില്ലാത്ത, പരിചയമില്ലാത്ത രണ്ട് ആള്‍ക്കാരാണ് എത്തിയത്. എന്നെ തേടി വരാന്‍ കാര്യമെന്താണെന്ന് അവരോട് ചോദിച്ചു. ഒരുപാട് ആള്‍ക്കാര്‍ എന്റെ പേര് ഇന്‍ഡസ്ട്രിയില്‍ പറയുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. നിങ്ങളെക്കൊണ്ട് നല്ല സിനിമ ചെയ്യാന്‍ കഴിയുമെന്നുള്ള വാക്കുകളാണ് ഇവിടെയെത്തിച്ചതെന്നും അവര്‍ പറഞ്ഞു. അത് തന്നെയാണ് വലിയ കാര്യം. സാധാരണ പുതിയ സംവിധായകര്‍ ഒരു തുടക്കത്തിനായി ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. ഒരുപാട് അലയേണ്ടി വരും. ഒരു പ്രൊഡ്യൂസറെ കണ്‍വീന്‍സ് ചെയ്യേണ്ടി വരും. പക്ഷേ, എനിക്കതൊന്നും ഉണ്ടായില്ല. എന്നെ തേടി സിനിമ വരികയായിരുന്നു. അപ്പോള്‍ ഞാന്‍ അമ്പരന്നു. ഞാന്‍ അതിന് പാകപ്പെട്ടിട്ടുണ്ടോയെന്ന സന്ദേഹം എന്റെ ഉള്ളില്‍ തന്നെയുണ്ടായിരുന്നു”-സിബി മലയിലിന്റെ വാക്കുകള്‍.




മാര്‍ക്കറ്റ് വാല്യുവുള്ള ആക്ടേഴ്‌സിനെ വച്ചുള്ള സിനിമയായിരിക്കും ചെയ്യേണ്ടതെന്നാണ് വിചാരിച്ചത്. അതിന് വേണ്ടി കഥ രൂപപ്പെടുത്തി. അക്കാലത്തെ പ്രധാനപ്പെട്ട ഒന്ന് രണ്ട് നടന്മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രോജക്ടിനെക്കുറിച്ചാണ് ചിന്തിച്ചത്. ആ കഥയുമായി മുന്നോട്ട് പോയി. പക്ഷേ, ഒരു ഘട്ടത്തില്‍ അവരുടെ ഡേറ്റുകള്‍ ലഭിച്ചില്ല. വിചാരിക്കുന്നതുപോലെ പ്രോജക്ട് മുന്നോട്ടു പോകുന്നില്ലെന്ന് കണ്ടപ്പോള്‍ നിരാശപ്പെട്ടു. ആദ്യം ഒരു സെറ്റ് ബാക്ക് ഉണ്ടായതാണ്. രണ്ടാമത്തെ അവസരവും ഇങ്ങനെ ഇല്ലാതായി തീരുമോ എന്ന് ആശങ്കയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അപ്പോള്‍ നിര്‍മാതാവ് വിളിച്ചു. ‘ഞാന്‍ നിങ്ങളെ വെച്ചാണ് സിനിമ ചെയ്യാന്‍ വന്നത്. ഞാന്‍ താരത്തിന്റെ ഡേറ്റുമായി നിങ്ങളുടെ അടുത്ത് വന്നിട്ടില്ലല്ലോ? നിങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. നിങ്ങള്‍ ഒരു നല്ല കഥ കണ്ടെത്തിയിട്ട് പുതുമുഖങ്ങളെ വെച്ച് ചെയ്‌തോളൂ. ഞാന്‍ കൂടെയുണ്ടാകും’ എന്നാണ് നിര്‍മാതാവ് വിളിച്ച് പറഞ്ഞത്. അതാണ് തനിക്ക് തന്ന ഊര്‍ജ്ജമെന്നും സിബി മലയില്‍ വെളിപ്പെടുത്തി.
അപ്പോള്‍ ധൈര്യമായി. അങ്ങനെയാണ് ഈ കഥയിലേക്ക് എത്തിയത്. അദ്ദേഹം ഒരുവിധത്തിലും ഇടപെട്ടില്ല. നമ്മളെ പൂര്‍ണമായി വിശ്വസിച്ചുകൊണ്ട് ഏല്‍പിച്ചു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ആ സിനിമ ചെയ്തത്. അതൊരു വലിയ സക്‌സസായില്ല. പക്ഷേ, അത് സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധ നേടി. ഇയാള്‍ ഭാവിയില്‍ ഇവിടെ നില്‍ക്കാനും സിനിമകള്‍ ചെയ്യാനും പ്രാപ്തിയുള്ള ആളാണെന്നുള്ള സംസാരങ്ങളുണ്ടായി. ഇവിടെ നിലനില്‍ക്കാനുള്ള ഒരു കാരണമായി മുത്താരംകുന്ന് മാറിയെന്നതാണ് ഭാഗ്യമെന്നും സിബി മലയില്‍ വ്യക്തമാക്കി.
സ്വാര്‍ത്ഥകമായ കരിയര്‍ നേടാന്‍ കഴിഞ്ഞു
1985ല്‍ തുടങ്ങുമ്പോള്‍ ഏതാണ്ട് 30 വയസില്‍ താഴെയായിരുന്നു പ്രായം. ഒരു മനുഷ്യായുസിന്റെ ഏകദേശം പകുതിയില്‍ ഏറെക്കാലം ഇങ്ങനെ ഒരു രംഗത്ത് നില്‍ക്കാന്‍ കഴിയുന്നു. തന്റെ സിനിമകളുടെയും, പ്രൊഫഷന്റെയും സജീവമായ കാലഘട്ടം കടന്നുപോകാന്‍ കഴിഞ്ഞു. ഇത് അപൂര്‍വമായ ഭാഗ്യമാണ്. ചെയ്ത സിനിമകളിലൂടെ ഒരുപാട് പ്രേക്ഷകരുടെ ഇഷ്ടം ഈ കാലഘട്ടത്തില്‍ നേടിയെടുക്കാന്‍ കഴിഞ്ഞു. സ്വാര്‍ത്ഥകമായ കരിയര്‍ നേടാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.