S Janaki Son Death: ഗായിക എസ്.ജാനകിയുടെ മകൻ അന്തരിച്ചു
Singer S Janaki's Son Death: ഭരതനാട്യ കലാകാരൻ കൂടിയാണ് അദ്ദേഹം. നിരവധി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില സിനിമകളിലും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ചെന്നൈ: ഗായിക എസ്.ജാനകിയുടെ മകൻ മുരളീ കൃഷ്ണ (65) അന്തരിച്ചു. ദീർഘനാളായി ആരോഗ്യനില മോശമായി ചികിത്സയിലായിരുന്നു അദ്ദേഹം. കെഎസ് ചിത്രയാണ് മരണ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഭരതനാട്യ കലാകാരൻ കൂടിയാണ് അദ്ദേഹം. നിരവധി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില സിനിമകളിലും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം.
ചിത്രയുടെ പോസ്റ്റിങ്ങനെ
ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) വിയോഗവാർത്ത ഞെട്ടലുണ്ടാക്കി. നഷ്ടപ്പെട്ടത് സ്നേഹനിധിയായ ഒരു സഹോദരനാണ്. ഈ വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ. പരേതനായ ആത്മാവ് നിത്യലോകത്ത് ശാന്തി പ്രാപിക്കട്ടെ. ഓം ശാന്തി
കഴിഞ്ഞ കുറച്ചു നാളുകളായി സിനിമ പിന്നണി ഗാനരംഗങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന എസ് ജാനകിയുടെ സ്വദേശം ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ആണ്. എസ്.ജാനകിയുടെ 20-ാം വയസ്സിലാണ് ഇവരുടെ കുടുംബം ചെന്നൈയിലേക്ക് മാറിയത്.
ജാനകിയുടെ കുടുംബം
1959-ലാണ് എസ് ജാനകി രാം പ്രസാദിനെ വിവാഹം കഴിക്കുന്നത്. ദമ്പതികളുടെ ഏക മകനാണ് മുരളി കൃഷ്ണ. 1997 ൽ രാം പ്രസാദ് അന്തരിച്ചു. മകനോടൊപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്. അതേസമയം സിനിമാ സംഗീത മേഖലയിലെ നിരവധി പേരാണ് മുരളീകൃഷ്ണക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നത്.