Selena Gomez: ഗായിക സെലീന ഗോമസിനോട് ‘ജയ് ശ്രീറാം’ പറയാൻ അഭ്യർത്ഥിച്ച് ഇന്ത്യക്കാരൻ; വീഡിയോ വൈറലായി
Selena Gomez Chants Jai Sree Ram: സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികാരങ്ങളാണ് ലഭിച്ചിരിക്കുന്നത് ലഭിച്ചിരിക്കുന്നത്.

സെലീന ഗോമസിനൊപ്പം ആരാധകൻ (Screengrab Images)
ഡൽഹി: അമേരിക്കൻ ഗായികയും നടിയുമായ സെലീന ഗോമസിനോട് ‘ജയ് ശ്രീറാം’ എന്ന് പറയാനായി ആരാധകൻ ആവശ്യപ്പെടുന്ന വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ഫോട്ടോഗ്രാഫറാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ദീപാവലിയാണെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ഈ അഭ്യർത്ഥന.
സെലീനയെ കണ്ട യുവാവ് സെൽഫി വീഡിയോ എടുക്കുന്നതിനിടെയാണ്, നടിയോട് ‘ജയ് ശ്രീറാം’ എന്ന് പറയാനായി ആവശ്യപ്പെടുന്നത്. കാര്യം വ്യകതമായില്ലെങ്കിലും നടി യുവാവ് പറഞ്ഞത് അതേപടി ആവർത്തിച്ചു. എങ്കിലും നടിക്ക് ഇതെന്തെന്ന് മനസിലായില്ല എന്നുള്ളത് മുഖഭാവം കാണുമ്പോൾ തന്നെ വ്യക്തമാണ്. ഇത് ശ്രദ്ധിച്ച യുവാവ്, ജയ് ശ്രീറാം എന്നത് ‘ഇന്ത്യയിലെ ബെസ്റ്റ് സ്ലോഗൺ’ ആണെന്ന് സെലീനയ്ക്ക് പറഞ്ഞു കൊടുത്തു. ഇതുകേട്ട് ചിരിച്ചു കൊണ്ട് നടി ‘താങ്ക്യൂ ഹണി’ എന്ന് പറയുന്നതാണ് വീഡിയോ.
ഫോട്ടോഗ്രാഫറായ പല്ലവി പലിവാളിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. ‘ഞങ്ങളുടെ ഒരു ഫോളോവർ സെലീനയെ കണ്ടുമുട്ടി. ദീപാവലിയോട് അനുബന്ധിച്ച് നടി ‘ജയ് ശ്രീറാം’ എന്ന് പറഞ്ഞു’ എന്ന അടികുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് നിരവധി പേർ പിന്തുണ അറിയിച്ചെങ്കിലും, ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നു. അതിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത് ‘ഇത് കണ്ടപ്പോൾ ലജ്ജ തോന്നി’ എന്നാണ്.