Suresh Gopi: വന്ദേഭാരത്തിൽ സുരേഷ് ഗോപി; പുറത്ത് താരത്തിന്റെ സിഗ്നേച്ചർ സ്റ്റെപ്പുമായി പിള്ളേർ; ‘മണി മുറ്റത്താവണി പന്തൽ’ റീൽ വൈറൽ
Suresh Gopi Travels in Vande Bharat Reels: ഫോണിൽ ശ്രദ്ധിച്ചുകൊണ്ടിരുന്ന സുരേഷ് ഗോപി വീഡിയോ എടുത്ത വിവരം അറിഞ്ഞിരുന്നില്ല. എന്നാൽ റീൽ വൈറൽ ആയതോടെ ഇതിന് കമന്റുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോയിൽ നിന്നുള്ള ദൃശ്യം
സിനിമാ താരമായും രാഷ്ട്രീയ പ്രവര്‍ത്തകനായും കേന്ദ്ര മന്ത്രിയായുമൊക്കെ എല്ലായ്പ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നൊരാളാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം കൂടി ഉൾപ്പെട്ട ഒരു റീൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഒരു റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനിൽ വിൻഡോ സീറ്റിൽ ഇരിക്കുകയാണ് സുരേഷ് ഗോപി. ഈ സമയത്ത് പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ എടുത്തതാണ് ഈ വൈറൽ റീൽ.
പെൺകുട്ടികൾ ഡാൻസ് കളിക്കുന്നതാണ് റീൽസിൽ ഉള്ളത്. സുരേഷ് ഗോപിയുടെ സിഗ്നേച്ചർ സ്റ്റെപ്പാണ് പെൺകുട്ടികൾ വീഡിയോയിൽ അനുകരിക്കുന്നത്. സുരേഷ് ഗോപി നായകനായ ‘ഡ്രീംസ്’ എന്ന ചിത്രത്തിലെ ‘മണിമുറ്റത്ത് ആവണിപ്പന്തല്‍’ എന്ന ഗാനമാണ് പശ്ചാത്തലം നൽകിയിരിക്കുന്നത്. പെൺകുട്ടികളുടെ ഡാൻസിൽ നിന്ന് വീഡിയോയുടെ അവസാന ഷോട്ട് പോകുന്നത് ട്രെയിനിൽ ഇരിക്കുന്ന സുരേഷ് ഗോപിയിലേക്കാണ്. റീലിലെ ആ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത് ഭരത് ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്‍റെ മറ്റൊരു കഥാപാത്രം പറയുന്ന പ്രശസ്ത ഡയലോഗ് ആണ്. ഫോണിൽ ശ്രദ്ധിച്ചുകൊണ്ടിരുന്ന സുരേഷ് ഗോപി വീഡിയോ എടുത്ത വിവരം അറിഞ്ഞിരുന്നില്ല.
വൈറലായ ഡാൻസ് വീഡിയോ:
എന്നാൽ ഈ റീൽ വൈറൽ ആയതോടെ ഇതിന് കമന്റുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്. ‘ഇതൊക്കെ എപ്പോള്‍’ എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടത്. ഇതിനകം വീഡിയോയ്ക്ക് 2 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു. അതിൽ സുരേഷ് ഗോപിയുടെ കമന്റിന് മാത്രം നാല്‍പതിനായിരത്തോളം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടയില്‍ സുരേഷ് ഗോപിക്ക് ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയാക്കാൻ ഉണ്ട്. നവാഗതനായ സംവിധായകൻ മാത്യൂസ് തോമസ് ഒരുക്കുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രമാണിത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് ചിത്രത്തിൽ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്.