Actor Soori : ’20 രൂപയായിരുന്നു ദിവസക്കൂലി, ചായ മാത്രം കുടിക്കും’; വികാരഭരിതനായി നടൻ സൂരി; കണ്ണുനിറഞ്ഞ് ഐശ്വര്യ ലക്ഷ്മി
Soori About His Struggles: മാമൻ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് തന്റെ പഴയ കാല അനുഭവം താരം പങ്കുവച്ചത്. തിരുപ്പൂരിൽ നിന്നാണ് താൻ ജോലി ആരംഭിച്ചതെന്നും ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിച്ചത് അവിടെ നിന്നാണെന്നും സൂരി പറയുന്നു.

Maaman Actor Soori
തിരുപ്പൂരിൽ ദിവസക്കൂലിക്ക് ജോലി ചെയ്ത അനുഭവം പങ്കുവച്ച് നടൻ സൂരി. മാമൻ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് തന്റെ പഴയ കാല അനുഭവം തുറന്നുപറഞ്ഞത്. തിരുപ്പൂരിൽ നിന്നാണ് താൻ ജോലി ആരംഭിച്ചതെന്നും ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിച്ചത് അവിടെ നിന്നാണെന്നും സൂരി പറയുന്നു.
തിരുപ്പൂരിൽ ഒരു ഹോട്ടലിൽ ഇരുപത് രൂപ ദിവസക്കൂലിക്കാണ് ജോലി ചെയ്തത്. ഗോവിന്ദണ്ണനും സെൽവണ്ണനും ബാലു അണ്ണനുമായിരുന്നു ഹോട്ടൽ മുതലാളിമാർ. നല്ല മനുഷ്യരായിരുന്നു അവർ. അന്ന് താനനുഭവിച്ച് കഷ്ടപ്പാടിന്റെ ഫലമാണ് തന്നെ ഇന്ന് ഇവിടെയെത്തിച്ചതെന്നും ഇതിലും വലിയ അംഗീകാരം ഇനി തേടിവരാനില്ലെന്നും സൂരി പറയുന്നു. 1993-ലാണ് സുഹൃത്തുക്കൾക്കൊപ്പം തിരുപ്പൂരിൽ ജോലിക്കായി എത്തിയത്. 20 രൂപയാണ് ഒരു ദിവസം ലഭിക്കുക. ഒരാഴ്ച 140 രൂപ കിട്ടും. ഇതിൽ 70 രൂപ സ്വന്തം ആവശ്യത്തിനും ബാക്കി 70 രൂപ വീട്ടിലേയ്ക്കും അയക്കും. അവിടെയുണ്ടായ ഒരു ബേക്കറിയിൽ ഒരു തേങ്ങാ ബണ്ണ് കിട്ടും. ഒന്നേ കാൽ രൂപവരും. ബണ്ണും ചായയും കഴിച്ചാൽ കാശ് ചെലവാകുന്നത് കൊണ്ട് ഒരു ചായ മാത്രം കുടിക്കുമെന്നാണ് താരം പറയുന്നത്.
വികാരഭരിതനായ നടൻ സൂരിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. താരത്തിന്റെ വാക്കുകൾ കേട്ട് നടി ഐശ്വര്യ ലക്ഷ്മി കരയുന്നതും വീഡിയോയിൽ കാണാം. സൂരിക്ക് അന്ന് ജോലി നൽകിയ രണ്ടുപേരെ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ എത്തിയിരുന്നു. ഇവരെ കണ്ട് സൂരി വികാരഭരിതനാവുന്നതും വീഡിയോയിലുണ്ട്.
അതേസമയം പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമൻ. നടൻ സൂരി തന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സ്വാസിക, രാജ്കിരൺ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.