Thudarum Movie: ‘മോശം സമയത്ത് ഏറ്റവുമധികം പിന്തുണച്ചത് മമ്മൂക്കയാണ്’; നിർമ്മാതാവായി തിരികെവരുമെന്ന ആത്മവിശ്വാസം നൽകിയെന്ന് എം രഞ്ജിത്
M Ranjith Says Mammootty Supported Him: തനിക്ക് മമ്മൂട്ടി നൽകിയ പിന്തുണ ചെറുതല്ലെന്ന് നിർമ്മാതാവ് എം രഞ്ജിത്. തൻ്റെ മോശം സമയത്ത് മമ്മൂട്ടി തന്നെ ഏറെ പിന്തുണച്ചിട്ടുണ്ടെന്ന് തുടരും സിനിമയുടെ നിർമ്മാതാവായ രഞ്ജിത് പറഞ്ഞു.
തൻ്റെ മോശം സമയത്ത് ഏറ്റവുമധികം പിന്തുണച്ചത് മമ്മൂട്ടിയാണെന്ന് തുടരും സിനിമയുടെ നിർമ്മാതാവ് എം രഞ്ജിത്. നിർമ്മാതാവിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളറായി മാറിയ സമയത്ത് മമ്മൂട്ടി തന്നെ ഏറെ പിന്തുണച്ചു. താൻ നിർമ്മാതാവായി തിരികെവരുമെന്ന ആത്മവിശ്വാസം അദ്ദേഹം നൽകിയെന്നും ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിതാണ് തുടരും സിനിമ നിർമ്മിച്ചത്.
“എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ തന്ന ഒരാളാണ് മമ്മൂക്ക. ഈ ചോദ്യം മമ്മൂക്ക ഒരു കാർ യാത്രയിൽ എന്നോട് ചോദിച്ചിട്ടുണ്ട്. സിനിമാ നിർമ്മാതാവിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളർ ആയതിനെപ്പറ്റി. അന്ന് നിർമ്മിച്ച പല സിനിമകളുടെയും സംവിധായകരുടെ പിന്നീടുള്ള സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തു. വിഷമം ഉണ്ടാവില്ലേ എന്ന് മമ്മൂക്ക ചോദിച്ചു. ഞാൻ ഒരു കാര്യമേ മമ്മൂക്കയോട് പറഞ്ഞുള്ളൂ. അത് അദ്ദേഹത്തിന് സന്തോഷമായി. ഞാൻ പറഞ്ഞു, ‘ഞാൻ സിനിമയിൽ വരുന്നതിന് മുൻപ് തീയറ്ററിൽ പടം കണ്ടുകൊണ്ടിരിക്കുന്ന സമയത്ത്, അന്ന് കണ്ട് കയ്യടിച്ച മമ്മൂക്ക ഓടിക്കുന്ന വണ്ടിയുടെ ഇടതുവശത്തിരുന്ന യാത്ര ചെയ്യുന്നയാളാണ് ഞാൻ.’ മമ്മൂക്ക രണ്ട് കയ്യും സ്റ്റിയറിങിൽ നിന്ന് വിട്ട് കയ്യടിച്ചിട്ട് പറഞ്ഞു, ‘ഞാൻ ഇവിടെയൊരു പ്രവചനം നടത്താൻ പോവുകയാണ്. രഞ്ജിത് സിനിമയിൽ നിർമ്മാതാവായി തിരികെവരും.’ ആ വാക്ക് വലിയ വാക്കാണ്. അത് മറക്കാൻ പറ്റില്ല. എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. ടെക്നിക്കലായുള്ള കാര്യങ്ങളൊക്കെ പറഞ്ഞുതന്നത് പുള്ളിയാണ്. നമ്മുടെ വഴികളിലൊക്കെ മുള്ളുകളുണ്ട്. അത് തരണം ചെയ്തുപോകാൻ ഒരു ധൈര്യം തരണ്ടേ. അവിടെയാണ് സക്സസ്.”- എം രഞ്ജിത് പറഞ്ഞു.




മോഹൻലാലിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയാണ് തുടരും. കെആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. പ്രകാശ് വർമ്മ, ബിനു പപ്പു, മണിയൻപിള്ള രാജു തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്തത്. നിഷാദ് യൂസുഫും ഷഫീഖ് വിബിയും ചേർന്ന് സിനിമ എഡിറ്റിംഗ് നിർവഹിച്ചു. ജേക്ക്സ് ബിജോയ് ആണ് സംഗീതസംവിധാനം. ഏപ്രിൽ 25ന് തീയറ്ററുകളിലെത്തിയ സിനിമ ഇതിനകം 150 കോടി രൂപ നേടിയിട്ടുണ്ട്.