TT Family Shemi-Shefi: ‘ഷെമി പ്രസവിച്ചു; പെൺകുഞ്ഞായിരുന്നു, അപ്പോൾ തന്നെ മരിച്ചു’; ഷെഫി-ഷെമി ദമ്പതികളുടെ കുഞ്ഞ് വിടവാങ്ങി
TT Family Shemi-Shefi Mourn the Loss of Their Child: ഷെഫി - ഷെമി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മരണപ്പെട്ടത്. ദമ്പതികളുടെ മൂത്ത മകളും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു.

ഷെമി, ഷെഫി
ഇൻസ്റ്റാഗ്രാം, യൂട്യൂബ് കണ്ടന്റ് ക്രിയേറ്റഴ്‌സ്മാരായ ടിടി ഫാമിലിയുടെ കുഞ്ഞ് വിടവാങ്ങി. രണ്ടാമത്തെ കുഞ്ഞിനായി ദമ്പതികളും ഫോളോവെഴ്‌സും കാത്തിരിക്കെയാണ് എല്ലാവരെയും നിരാശയിലാക്കി കുഞ്ഞിന്റെ വിടവാങ്ങൽ. രണ്ടാമത്തെ കുഞ്ഞിന് ഷെമി ജന്മം നൽകിയെങ്കിലും ജീവനോടെ ലഭിച്ചില്ലെന്ന് കുടുംബം വ്യക്തമാക്കി.
തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ഇക്കാര്യം ദമ്പതികൾ ഫോളോവേഴ്‌സിനെയും അറിയിച്ചു. ‘ഷെമി പ്രസവിച്ചു. പെൺകുഞ്ഞ് ആയിരുന്നു. അപ്പോൾ തന്നെ മരിച്ചു. എല്ലാവരും ദുആ ചെയ്യണം’ എന്നാണ് ഷെമിയും ഷെഫിയും ഒന്നിച്ചിരിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ‘ഇരുവർക്കും ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം നൽകട്ടെ’, ‘പിഞ്ചോമനയുടെ കബറിടം പടച്ചവൻ വിശാലമാക്കട്ടെ’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ ആളുകൾ പങ്കുവയ്ക്കുന്നത്.
ടിടി ഫാമിലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്:
ഷെഫി – ഷെമി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മരണപ്പെട്ടത്. ദമ്പതികളുടെ മൂത്ത മകളും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. പ്രായത്തിന്റേതായ പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്ന് നേരത്തെ അറിയാമായിരുന്നു എന്ന് മുൻപ് യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോയിൽ ഷെഫി പറഞ്ഞിരുന്നു. കുഞ്ഞിന്റെ നെഞ്ചിടിപ്പിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെട്ടെന്ന് ഷെമിയെ ലേബർ റൂമിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും വീഡിയോയിൽ പറഞ്ഞിരുന്നു.
ഷെഫിയും ഷെമിയും തമ്മിലുള്ള പ്രായവ്യത്യാസത്തെ ചൊല്ലി നേരത്തെ നിരവധി സൈബർ ആക്രമണങ്ങൾ ദമ്പതികൾ നേരിട്ടിരുന്നു. ഷെമിക്ക് ഭർത്താവായ ഷെഫിയെക്കാളും പ്രായം കൂടുതലാണെന്നതാണ് സൈബർ അക്രമണത്തിലേക്ക് നയിച്ച കാരണം. നാല് വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. ഷെമിയുടെ ആദ്യ വിവാഹം വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. ആ ബന്ധത്തിൽ ഷെമിക്ക് രണ്ട് പെണ്മക്കൾ ഉണ്ട്.