Who Is Amritha Rajan: പാട്ടു പാടി, ശ്രേയ ഘോഷാലിന്റെ ഹൃദയം കവർന്ന മലയാളി പെൺകുട്ടി; ആരാണ് അമൃത രാജൻ
Indian Idol 16 Contestant Is Amritha Rajan: ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയാണ് അമൃത സ്വന്തമാക്കിയത്. അമൃത സ്വന്തമായി എഴുതി കംപോസ് ചെയ്ത് കടലിനാഴം എന്ന പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
സ്വരങ്ങൾ നൃത്തം ചെയ്യുന്ന പോലൊരു പാട്ട്… അത് ഒരു ചെറു പുഞ്ചിരിയോടെ ഒട്ടും ആയാസമില്ലാതെ ആസ്വദിച്ചു പാടുന്ന ഒരു പെൺകുട്ടി… കാഴ്ചക്കാരായി അതിശയിച്ചു നിൽക്കുന്നത് ഇന്ത്യൻ സംഗീത ലോകത്തെ ദൈവങ്ങൾ…എത്ര മനോഹരമായ ഒരു കാഴ്ചയാണത്. അതെ കേവലം റിയാലിറ്റി ഷോയുടെ കെട്ടും മട്ടും മറന്ന് സോഷ്യൽമീഡിയ ഏറ്റെടുത്ത ആ വീഡിയോ സോണി ടീവിയിലെ ഇന്ത്യൻ ഐഡോൾ എന്ന റിയാലിറ്റി ഷോയുടേയായിരുന്നു.
ഹരിഹരന്റെയും സ്വർണലതയുടെയും മാന്ത്രിക ശബ്ദത്തിലൂടെ നമുക്ക് സുപരിചിതമായ ഹേ രാമാ യേ ക്യാഹുവാ എന്ന ആ അതിസാഹസികമായ പാട്ട് ലളിതവും അതിസാഹസികവുമായി ഇപ്പോൾ പാടി വൈറലാക്കിയത് ഒരു മലയാളിയും. ഹിന്ദി റിയാലിറ്റി ഷോയിൽ ഇതിനു മുമ്പും മലയാളി സാന്നിധ്യമുണ്ടായിട്ടുണ്ട്. പക്ഷെ ഇത്ര കൂൾ ആയ ഒരു ഗായിക ആദ്യമാകും. പറഞ്ഞു വരുന്നത് എറണാകുളംകാരി അമൃതാ രാജനെപ്പറ്റിയാണ്.
Also Read: ‘അദ്ദേഹത്തിന്റെ ആ വാക്കുകൾ ജീവിതം തന്നെ മാറ്റിമറിച്ചു’; അനുഭവം പങ്കുവച്ച് ഇന്ത്യൻ ഐഡൽ മത്സരാർത്ഥി
ഹിന്ദി അറിയാത്ത ഈ മലയാളി പെൺകുട്ടിക്ക് ഹിന്ദി പാട്ടു പാടി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ശ്രേയാഘോഷാൽ അടക്കം രാജ്യത്തെ അതിപ്രഗത്ഭരായ ഗായകർ അണിനിരന്ന വേദിയിലാണ് അമൃതയുടെ ഈ പ്രകടനം. കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യൻ ഐഡൽ: യാദോം കി പ്ലേലിസ്റ്റ് എന്ന പുതിയ സീസൺ ആരംഭിച്ചത്. ഈ സീസണിൽ 90-കളിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഹിറ്റായ പാട്ടുകളാണ് മത്സരാർത്ഥികൾ പാടുന്നത്. ഇതിനകം തന്നെ പല മത്സരാർത്ഥികളും അവരുടെ ശ്രദ്ധേയമായ കഴിവുകളിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. അത്തരത്തിൽ ഗായിക ശ്രേയ ഘോഷാലിന്റെ ഹൃദയം വരെ കവർന്ന് ഷോയിൽ തരംഗമായിരിക്കുകയാണ് അമൃത.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ഈ മിടുക്കി, ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. അമൃത സ്വന്തമായി എഴുതി കംപോസ് ചെയ്ത് കടലിനാഴം എന്ന പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇൻസ്റ്റാഗ്രാമിൽ അമൃത പങ്കുവയ്ക്കുന്ന റീലുകൾക്ക് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിക്കാറുള്ളത്. 170000 പേരാണ് അമൃതയെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. യൂട്യൂബിലും താരത്തിന് വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 7680 പേരാണ് അമൃതയുടെ യുട്യൂബ് ചാനൽ സബ്സക്രൈബ് ചെയ്യ്തിട്ടുള്ളത്. 2019 ൽ “കളേഴ്സ് ടിവി” യിലെ “റൈസിംഗ് സ്റ്റാർ സീസൺ 3”- ൽ അമൃത പങ്കെടുത്തിരുന്നു. റൈസിംഗ് സ്റ്റാറിന്റെ ഓഡിഷനുകളിൽ, “ബോംബെ” എന്ന ചിത്രത്തിലെ “കെഹ്ന ഹീ ക്യാ” എന്ന ഗാനം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അഞ്ചു വയസു മുതൽ കർണ്ണാടക സംഗീതം അഭ്യസിക്കുന്ന അമൃത ഗ്രൂവ് എന്ന മ്യൂസിക് ബാൻഡിൻ്റെയും ഭാഗമാണ്.
ഇന്ത്യൻ ഐഡോൾ
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോയാണ് ഇന്ത്യൻ ഐഡൽ. മുൻനിര ഗായകരായ ശ്രേയ ഘോഷാൽ, വിശാൽ ദദ്‍ലാനി, ബാദ്ഷ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനൽ നയിക്കുന്ന റിയാലിറ്റി ഷോയ്ക്ക് ഇന്ന് രാജ്യമാകെ ആരാധകരാണ്. എല്ലാ തവണയും മലയാളി സാനിധ്യം ഇന്ത്യന്‍ ഐഡോള്‍ വേദികളെ മാറ്റിമറിക്കാറുണ്ട്.