Adaso Kapesa: പ്രധാനമന്ത്രിക്ക് സുരക്ഷ, മണിപ്പൂരിന്റെ കരുത്ത്; ചരിത്രമെഴുതി അദാസോ
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തമുള്ള ഉന്നത സുരക്ഷാ ഏജൻസി, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്പിജി) പ്രവേശിച്ച ആദ്യ വനിത എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച ഓഫീസറാണ് അദാസോ കപേസ.

Adaso Kapesa
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ യാത്രയിൽ, അന്താരാഷ്ട്ര നയതന്ത്ര ചർച്ചകൾ മാത്രമായിരുന്നില്ല ശ്രദ്ധ പിടിച്ചുപറ്റിയത്. കറുത്ത സ്യൂട്ടും ഇയർപീസും ധരിച്ച, പ്രധാനമന്ത്രിയുടെ തൊട്ടുപിന്നിൽ നിൽക്കുന്ന വനിതാ ഓഫീസറായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ആ വനിത മറ്റൊരുമല്ല, മണിപ്പൂരിൽ നിന്നുള്ള ഇൻസ്പെക്ടർ അദാസോ കപേസയാണ്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തമുള്ള ഉന്നത സുരക്ഷാ ഏജൻസി, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്പിജി) പ്രവേശിച്ച ആദ്യ വനിത എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച ഓഫീസറാണ് അദാസോ കപേസ. മണിപ്പൂരിലെ സേനാപതി ജില്ലയിലെ കാബി എന്ന ചെറുഗ്രാമത്തിൽ നിന്നും രാജ്യത്തെ ഏറ്റവും കടുപ്പമേറിയതും ഉന്നതവുമായ സുരക്ഷാ ഏജൻസി വരെ എത്തിപ്പെട്ട അദാസോയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.
ചെറുപ്രായത്തിൽ തന്നെ വലിയ സ്വപ്നങ്ങൾ കാണാൻ ശീലിച്ച അദാസോ ആഭ്യന്തര വകുപ്പിന് കീഴിലുള്ള കേന്ദ്ര സായുധ പോലീസ് സേനയായ ശാസ്ത്ര സീമ ബലിൽ (എസ്എസ്ബി) ആണ് ജോലി ആരംഭിച്ചത്. ഇപ്പോൾ ഉത്തരാഖണ്ഡിലെ പിത്തോറഗഡിലെ 55-ാമത് ബറ്റാലിയനിലാണ് അദാസോ നിയമിതയായിരിക്കുന്നത്. എസ്പിജിയിലേക്ക് അദാസോ തിരഞ്ഞെടുക്കപ്പെട്ടതോടെ വനിതകൾക്ക് പ്രചോദനവും മാതൃകയുമായി തീർന്നിരിക്കുകയാണ്.
എസ്പിജി
1984-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് 1985-ലാണ് എസ്‌പിജി രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഉത്തരവാദിത്തം എസ്‌പിജിക്കാണ്. ഇന്ത്യൻ പോലീസ് സർവീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, സശസ്ത്ര സീമ ബൽ എന്നിവയുൾപ്പെടെ വിവിധ സായുധ യൂണിറ്റുകളിൽ നിന്നാണ് എസ്‌പിജി ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) ഉദ്യോഗസ്ഥർക്ക് കർശനമായ സായുധ, നിരായുധ പോരാട്ട പരിശീലനം നൽകുന്നു.