Bengaluru-Mysuru Highway: ബെംഗളൂരുവിലെ ഈ റോഡ് പേടിച്ചേ മതിയാകൂ; മരണങ്ങള്‍ നിരവധിയാണ്
Mysuru-Bengaluru Highway Accidents: 2023നും 2025നും ഇടയിലുണ്ടായ അപകടങ്ങളില്‍ ഏകദേശം 351 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി സ്റ്റാര്‍ ഓഫ് മൈസൂര്‍ വ്യക്തമാക്കുന്നു. ഈ സമയത്തിനിടയില്‍ 87 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ബെംഗളൂരു: ഏറെ ആഘോഷമാക്കിയ റോഡ് ഉദ്ഘാടനമായിരുന്നു മൈസൂരു-ബെംഗളൂരു ഹൈവേയുടേത്. എന്നാല്‍ മൈസൂരു-ബെംഗളൂരു ദേശീയപാത 275 ഇന്ന് കര്‍ണാടകയിലെ ഏറ്റവും ഭയാനകമായ റോഡുകളില്‍ ഒന്നാണ്. 2023 മാര്‍ച്ച് മുതല്‍ 1,901 അപകടങ്ങളാണ് ദേശീയപാതയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 300 പേര്‍ അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്.
2023നും 2025നും ഇടയിലുണ്ടായ അപകടങ്ങളില്‍ ഏകദേശം 351 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി സ്റ്റാര്‍ ഓഫ് മൈസൂര്‍ വ്യക്തമാക്കുന്നു. ഈ സമയത്തിനിടയില്‍ 87 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1,365 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 846 പേരാണ് തലനാരിഴയ്ക്ക് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്.
120 കിലോമീറ്ററാണ് ഈ ദേശീയപാതയുടെ ദൈര്‍ഘ്യം. മൈസൂരു 10-12 കിലോമീറ്റര്‍, മാണ്ഡ്യ 60-66 കിലോമീറ്റര്‍, രാമനഗര അഥവ ബെംഗളൂരു സൗത്ത് 30 കിലോമീറ്റര്‍, ബെംഗളൂരു 10-12 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ദൈര്‍ഘ്യം. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുകയും അതിവേഗ ഗതാഗതം മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് ഈ റോഡ് നിര്‍മിച്ചത്.
നിദഘട്ട മുതല്‍ മൈസൂരു വരെയുള്ള 59 കിലോമീറ്റര്‍, ബെംഗളൂരു മുതല്‍ നിദഘട്ട വരെയുള്ള 61 കിലോമീറ്ററും ഉള്‍പ്പെടുത്തിയുള്ളതാണ് റിപ്പോര്‍ട്ട്. നിദഘട്ട മുതല്‍ മൈസൂരു വരെയുള്ള റോഡില്‍ 948 അപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 163 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 136 പേര്‍ ഗുരുതരമായ പരിക്കുകളോടെ മരണത്തെ അതിജീവിച്ചു. 758 പേര്‍ക്ക് നിസാര പരിക്കുകള്‍ സംഭവിച്ചു.
ബെംഗളൂരു-നിദഘട്ട റോഡില്‍ 953 അപകടങ്ങളിലായി 99 പേരും മരിച്ചു. 215 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 607 പേര്‍ക്ക് നിസാര പരിക്കുകളും ഉണ്ടായി. രണ്ട് റോഡുകളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ നിദഘട്ട-മൈസൂരു റോഡിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത്.
അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങള്‍, ഓട്ടോകള്‍, ട്രാക്ടറുകള്‍ പോലുള്ളവയെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വിലക്കി.