Namma Metro: ബെംഗളൂരു മെട്രോ കളറാകും; വരുന്നത് 21 ട്രെയിനുകള്‍, അതും ഈ സ്ഥലങ്ങളിലേക്ക്
Namma Metro Green Line New Trains: മാഡവരയ്ക്കും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇടയിലൂടെ കടന്നുപോകുന്ന റൂട്ടാണ് ഗ്രീന്‍ ലൈന്‍. ഇവിടുത്തെ സര്‍വീസ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആറ് കോച്ചുകള്‍ അടങ്ങിയതാണ് പുതിയ ട്രെയിനുകള്‍.
ബെംഗളൂരു: ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന രാജ്യത്തെ മെട്രോ സംവിധാനങ്ങളില്‍ ഒന്നാണ് ബെംഗളൂരു നമ്മ മെട്രോ. ബെംഗളൂരു മെട്രോയിലെ ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളാണ് നിലവില്‍ മാറ്റത്തിനൊരുങ്ങുന്നത്. ഗ്രീന്‍ ലൈനിലേക്ക് 21 ട്രെയിനുകള്‍ എത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) വ്യക്തമാക്കി. ചൈനീസ് കമ്പനിയായ സിആര്‍ആര്‍സി നിര്‍മിച്ച ട്രെയിനുകളാണ് സര്‍വീസിന് ഒരുങ്ങുന്നത്.
മാഡവരയ്ക്കും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇടയിലൂടെ കടന്നുപോകുന്ന റൂട്ടാണ് ഗ്രീന്‍ ലൈന്‍. ഇവിടുത്തെ സര്‍വീസ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആറ് കോച്ചുകള്‍ അടങ്ങിയതാണ് പുതിയ ട്രെയിനുകള്‍. നിലവില്‍ 17 ട്രെയിനുകള്‍ ഗ്രീന്‍ ലൈനില്‍ സര്‍വീസ് നടത്തുന്നു. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ പഴയ ഈ 17 ട്രെയിനുകള്‍ പര്‍പ്പിള്‍ ലൈനിലേക്ക് മാറും. ഇതോടെ പര്‍പ്പിള്‍ ലൈനിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പര്‍പ്പിള്‍ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നതോടെ തിരക്കേറിയ സമയങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. വൈറ്റ്ഫീല്‍ഡ് മുതല്‍ ചല്ലഘട്ട വരെയുള്ള ഈ റൂട്ടിലാണ് നമ്മ മെട്രോയില്‍ ഏറ്റവും കൂടുതലാളുകള്‍ യാത്ര ചെയ്യുന്നത്.




Also Read: Namma Metro: മെട്രോയിലിരുന്ന് ഫോണില്‍ കളി വേണ്ട; പിഴയുണ്ട് കനത്തില്‍ തന്നെ
ബെംഗളൂരുവില്‍ എത്തിയ ട്രെയിനുകളുടെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. രാത്രി 11.30നും പുലര്‍ച്ചെ 3.30 നും ഇടില്‍ ജലഹള്ളിക്കും മന്ദ്രി സ്‌ക്വയറിനും ഇടയിലുള്ള പാതയിലാണ് പരീക്ഷണയോട്ടം. 2026 ജനുവരി 10 ഓടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും. മാര്‍ച്ചില്‍ ഗ്രീന്‍ ലൈനില്‍ സര്‍വീസ് നടത്താന്‍ വിവിധ ഏജന്‍സികളുടെ അനുമതി ലഭിക്കുമെന്നാണ് ബിഎംആര്‍സിഎല്ലിന്റെ നിഗമനം.