Namma Metro: ബെംഗളൂരു മുതല്‍ തുമകുരു വരെ മെട്രോ; ആഹാ യാത്ര ഇനി എന്തെളുപ്പം
Bengaluru Tumakuru Metro: പദ്ധതിയുടെ ഭാഗമായി മഡവര മുതല്‍ തുമകുരു വരെയുള്ള മെട്രോ വിപുലീകരണ ഡിപിആര്‍ തയാറാക്കുന്നതിനുള്ള ടെന്‍ഡര്‍ ബിഎംആര്‍സിഎല്‍ അന്തിമമാക്കി. ആര്‍വി എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡിന് 1.26 കോടി രൂപയുടെ കരാറാണ് നല്‍കിയത്.
ബെംഗളൂരു: കര്‍ണാടക സ്വദേശികളുടെ ദീര്‍ഘനാളായുള്ള മറ്റൊരു ആവശ്യം കൂടി നിറവേറാന്‍ പോകുന്നു. ബെംഗളൂരു-തുമകുരു അന്തര്‍ ജില്ല മെട്രോ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കല്‍ ആരംഭിച്ചു. രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ നീക്കം നാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍.
പദ്ധതിയുടെ ഭാഗമായി മഡവര മുതല്‍ തുമകുരു വരെയുള്ള മെട്രോ വിപുലീകരണ ഡിപിആര്‍ തയാറാക്കുന്നതിനുള്ള ടെന്‍ഡര്‍ ബിഎംആര്‍സിഎല്‍ അന്തിമമാക്കി. ആര്‍വി എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡിന് 1.26 കോടി രൂപയുടെ കരാറാണ് നല്‍കിയത്. അഞ്ച് മാസത്തിനുള്ളില്‍ ഡിപിആര്‍ പൂര്‍ത്തിയാക്കി, ബിഎംആര്‍സിഎല്ലിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മഡവര, നെലമംഗല, ദലസ്‌പേട്ട്, ക്യാത്‌സാന്ദ്ര, തുമകുരു എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 59.60 കിലോമീറ്റര്‍ മെട്രോ റെയില്‍, തിരക്കേറിയ ബെംഗളൂരു-തുമകുരു റൂട്ടിലെ പ്രാദേശിക കണക്ടിവിറ്റി മെച്ചപ്പെടുത്തും. ഗതാഗതത്തിനായി റോഡ് ആശ്രയിക്കുന്നത് കുറയ്ക്കുമെന്നുമാണ് പ്രതീക്ഷ.




Also Read: Namma Metro: 8 മിനിറ്റിനുള്ളില്‍ മെട്രോയെത്തും; പുതിയ ട്രെയിനെത്തി, കാത്തിരിപ്പ് സമയം കുറഞ്ഞു
അതേസമയം, മെട്രോ ലൈനിനായുള്ള ഒന്നിലധികം അലൈന്‍മെന്റ് ഓപ്ഷനുകളെ കുറിച്ചുള്ള പഠനവും നിലവിലെ ഡിപിആറില്‍ ഉള്‍പ്പെടുമെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കി. നിലവില്‍ നമ്മ മെട്രോ ഗ്രീന്‍ ലൈന്‍ മഡവരയ്ക്കും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. ഏകദേശം 33.46 കിലോമീറ്റര്‍ നിളത്തിനുള്ള റെയിലില്‍ 31 സ്‌റ്റേഷനുകളുണ്ട്.