Namma Metro Yellow Line: ബെംഗളുരു നമ്മ മെട്രോയിൽ 10 മിനിറ്റ് ഇടവേളയിൽ ഇനി സർവ്വീസ്… ഏഴാമത്തെ തീവണ്ടി എത്തി
Bengaluru Namma Metro Yellow Line Service: ആകെ 5,056.99 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ഈ ആകാശപാതയിൽ ആർ.വി റോഡ്, ഹൊസ റോഡ്, കുട്ലു ഗേറ്റ്, ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി തുടങ്ങി 16 സ്റ്റേഷനുകളാണുള്ളത്. പുതിയ ട്രെയിൻ കൂടി എത്തുന്നതോടെ പാതയിൽ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മ മെട്രോ
ബെംഗളൂരു: ഐടി മേഖലയായ ഇലക്ട്രോണിക്‌സ് സിറ്റിയിലേക്കുള്ള മെട്രോ യാത്രക്കാർക്ക് ആശ്വാസമായി നമ്മ മെട്രോ യെല്ലോ ലൈനിൽ കൂടുതൽ സർവീസുകൾ വരുന്നു. ലൈനിൽ ഏഴാമത്തെ ട്രെയിൻ കൂടി എത്തുന്നതോടെ ട്രെയിനുകൾ തമ്മിലുള്ള ഇടവേള 10 മിനിറ്റായി കുറയും.
നിലവിൽ ഓഫീസ് സമയങ്ങളിൽ അതായത് തിങ്കൾ മുതൽ ശനിവരെ 13 മിനിറ്റായിരുന്ന ട്രെയിനുകളുടെ ഇടവേള വ്യാഴാഴ്ച മുതൽ 10 മിനിറ്റായി ചുരുങ്ങും. രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 9 വരെയുമാണ് ഓഫീസ് സമയമായി കണക്കാക്കുന്നത്. യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ നടപ്പിലാകുന്നത്.
ഞായറാഴ്ചകളിൽ തിരക്കേറിയ സമയത്തെ ഇടവേള 15 മിനിറ്റിൽ നിന്ന് 14 മിനിറ്റായി കുറയും. സർവീസുകളുടെ എണ്ണം വർധിച്ചെങ്കിലും ട്രെയിനുകൾ ഓടിത്തുടങ്ങുന്ന സമയത്തിലോ അവസാനിക്കുന്ന സമയത്തിലോ മാറ്റമുണ്ടാകില്ല. ആഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആർ.വി റോഡ് – ബൊമ്മസാന്ദ്ര പാതയിൽ (19.15 കി.മീ) വെറും മൂന്ന് ട്രെയിനുകളുമായാണ് സർവീസ് തുടങ്ങിയത്. അന്ന് 25 മിനിറ്റായിരുന്നു ഇടവേള. പിന്നീട് സെപ്റ്റംബറിൽ നാലാമത്തെ ട്രെയിനും, പിന്നീട് അഞ്ചും ആറും ട്രെയിനുകൾ വന്നതോടെ ഇടവേള ഘട്ടംഘട്ടമായി 15, 13 മിനിറ്റുകളായി കുറഞ്ഞു. ഇപ്പോൾ ഏഴാമത്തെ ട്രെയിൻ എത്തുന്നതോടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.
Also Read:ചെന്നൈ മെട്രോ അതിവേഗമെത്തുന്നു… പുതിയ റൂട്ടുകൾ ഉടൻ തുറക്കും… യാത്രാ സമയം പകുതിയാകും
ആകെ 5,056.99 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ഈ ആകാശപാതയിൽ ആർ.വി റോഡ്, ഹൊസ റോഡ്, കുട്ലു ഗേറ്റ്, ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി തുടങ്ങി 16 സ്റ്റേഷനുകളാണുള്ളത്. പുതിയ ട്രെയിൻ കൂടി എത്തുന്നതോടെ പാതയിൽ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.